തിരുവനന്തപുരം: സഹകരണ മേഖലയിലെ നിയമപരമായ പരിശോധനകള്‍ക്ക് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖല ഒരു നിയമത്തിനും ബാധകമല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ല. നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. സഹകരണ മേഖലയെ സംരക്ഷിക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
രാവിലെ റിസര്‍വ്വ് ബാങ്കിന്റെയും മറ്റ് ബാങ്കിംഗ് സ്ഥാപനങ്ങളുടെയും പ്രതിനിധികളുമായി നടത്തിയ യോഗത്തിന് ശേഷമായിരുന്നു പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരം വഴി സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ ബാങ്ക് അധികൃതരെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളെ ശ്വാസംമുട്ടിക്കുന്ന അവസ്ഥയാണ്. കേരളത്തിലെ സഹകരണമേഖല കളളപ്പണത്തിന്റെ കേന്ദ്രമല്ല. അങ്ങനെയാണെന്ന പ്രചാരണം അസംബന്ധമാണെന്നും അത് രാഷ്‌ട്രീയ ഗൂഢാലോചനയാണെന്നും പിണറായി ആരോപിച്ചു.
തോട്ടം മേഖലയില്‍ കൂലിയായി നല്‍കേണ്ട പണം ഉടമകള്‍ ജില്ലാ കളക്ടര്‍മാരെ ഏല്‍പ്പിക്കണമെന്നും തൊഴിലാളികള്‍ക്ക് കളക്ടര്‍മാര്‍ കൂലി വിതരണം ചെയ്യണമെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തതായി പിണറായി വിജയന്‍ പറഞ്ഞു. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതുമൂലം തോട്ടം തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാനാണ് നടപടി.
സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് പണം അയയ്‌ക്കാന്‍ കഴിയാതെ കഷ്ടപ്പെടുകയാണെന്നും അവര്‍ക്ക് പണം അയയ്‌ക്കാന്‍ വേണ്ടുന്ന നടപടികള്‍ ചെയ്യണമെന്നും ബാങ്കുകളോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ ബാങ്കുകളില്‍ പണം അയയ്‌ക്കാന്‍ ചെല്ലുമ്പോള്‍ തര്‍ക്കം ഉന്നയിക്കാന്‍ പാടില്ല. കാരണം മാസങ്ങളായി അവര്‍ ഇത്തരത്തില്‍ പണം ഇടുന്നവരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ശബരിമല തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലേക്കുളള വഴിയില്‍ പ്രധാന കേന്ദ്രങ്ങളിലെ എടിഎമ്മുകളില്‍ പണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. പമ്പയിലും സന്നിധാനത്തും കൂടുതല്‍ എടിഎമ്മുകളും എക്‌സ്‌ചേഞ്ച് കൗണ്ടറുകളും ഏര്‍പ്പെടുത്താമെന്ന് ബാങ്കുകള്‍ സമ്മതിച്ചു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി എല്ലാ ട്രഷറികളിലും ഇരുപത്തിയഞ്ചോളം കറന്‍സി എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ തുറക്കാന്‍ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് ആര്‍ബിഐയുടെ അനുമതി ആവശ്യമാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാസം അവസാനിക്കുന്നതോടെ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നതിലും പ്രതിസന്ധിയുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും അത് മറികടക്കാന്‍ വഴി കണ്ടെത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശമ്പളം പിന്‍വലിക്കുന്നതില്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നും ശമ്പളം പൂര്‍ണമായി പിന്‍വലിക്കാന്‍ സമ്മതിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.