ന്യൂഡൽഹി: ഈയാഴ്ച ഭാരതത്തിന്റെ 11 സൈനികരെ വധിച്ചു എന്ന പാക് സൈനിക മേധാവി റഹീൽ ഷെറീഫിന്റെ അവകാശവാദം ഇന്ത്യൻ സൈന്യം നിഷേധിച്ചു. പാകിസ്ഥാൻ സൈന്യത്തിന്റെ വെടിനിർത്തൽ കരാർ ലംഘനത്തേത്തുടർന്ന് കാര്യമായ അപകടങ്ങളൊന്നും ഈയാഴ്ച ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്ത് ഉണ്ടായിട്ടില്ലെന്ന് സൈനിക വക്താവ് അറിയിച്ചു.
ഇന്നലെ സ്ട്രൈക്ക് ഓഫ് തണ്ടർ എന്ന പേരിൽ ഭാരതത്തിന്റെ പഞ്ചാബ് പ്രവിശ്യയോടു ചേർന്ന അതിർത്തിയിൽ പാകിസ്ഥാൻ വൻ സൈനിക അഭ്യാസം നടത്തിയിരുന്നു. ഇതിൽ പങ്കെടുക്കവേയാണ് റഹീൽ ഷെറീഫ് നാൽപ്പതോളം ഭാരതസൈനികർ പാകിസ്ഥാൻ വെടിവയ്പ്പിൽ കൊല്ലപ്പെട്ടുവെന്നും, അതിൽ പതിനൊന്നു പേർ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടതെന്നും അവകാശപ്പെട്ടത്.
സൈനികാഭ്യാസത്തിൽ റഹീൽ ഷറീഫിനോടൊപ്പം പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും പങ്കെടുത്തിരുന്നു. വിമാനങ്ങളും, ടാങ്കുകളും, വലിയ ആയുധസന്നാഹങ്ങളും പങ്കെടുത്ത സൈനികാഭ്യാസം ഇരുവരും ചേർന്ന് വിലയിരുത്തി.
റഹീൽ ഷറീഫ് തന്റെ മൂന്നു വർഷം കാലാവധി പൂർത്തിയാക്കി വിരമിക്കുന്നതിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേയാണ് അതിർത്തിയിൽ പാക് സൈന്യം സൈനികാഭ്യാസം നടത്തിയത്. എന്നാൽ ഇതു വരെ റഹീൽ ഷറീഫിന്റെ പിൻഗാമിയാരെന്ന് പാകിസ്ഥാൻ ഭരണകൂടം പ്രഖ്യാപിച്ചിട്ടില്ല.