കോട്ടയം: സഹകരണ ബാങ്കുകളിലെ കളളപ്പണം കണ്ടെത്താനുളള നടപടിക്ക് പിന്തുണയുമായി പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്. പ്രമുഖ രാഷട്രീയ കക്ഷികളുടെ കണക്കില്‍പെടാത്ത കോടിക്കണക്കിന് രൂപയും സൂക്ഷിച്ചിരിക്കുന്നത് സഹകരണ ബാങ്കുകളിലാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചു.
നിര്‍ബന്ധമായും സഹകരണ ബാങ്കില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണം. അവിടെ സൂക്ഷിച്ചിട്ടുളള കളളപ്പണം പിടിച്ചെടുക്കുകയും ചെയ്യണമെന്ന് പി.സി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കണക്കില്‍പെടാത്ത പണം സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയപ്പോള്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ അക്കൗണ്ടുളള മറ്റ് ബാങ്കുകളില്‍ സ്രോതസ് സഹിതം വ്യക്തമാക്കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്ത് പ്രതിഷേധം ആരംഭിക്കാനിരിക്കെയാണ് നടപടിക്ക് പിന്തുണയുമായി പി.സി ജോര്‍ജ് രംഗത്തെത്തിയത്.
1000 ത്തി്‌ന്റെയും 500 ന്റെയും നോട്ടുകള്‍ പിന്‍വലിച്ച പ്രസ്താവന വന്ന ദിവസം തന്നെ കണ്ണൂരില്‍ ഉള്‍പ്പെടെ ജില്ലാ സഹകരണ ബാങ്കില്‍ നിന്നും പ്രാഥമിക സഹകരണ സംഘങ്ങളിലേക്ക് പണം മാറ്റിയതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.