ഛത്തീസ്ഗഢ്: ചത്തീസ്ഗഢിലെ മതേമ്പാറ, ഗോണ്ഡാപ്പളളി വനങ്ങളിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആറു നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മൂന്നു പേർ സ്ത്രീകളാണെന്നാണ് വിവരം.
പ്രദേശത്ത് നക്സലൈറ്റുകൾ തങ്ങിയിട്ടുണ്ടെന്നുളള രഹസ്യവിവരത്തുടർന്നാണ് സുരക്ഷാസൈനികർ വനത്തിൽ തിരച്ചിൽ നടത്തിയത്. മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ വധിക്കാൻ സാധിച്ചതെന്ന് സേനാവൃത്തങ്ങൾ വ്യക്തമാക്കി. പൊലീസിന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയ നക്സലുകൾ പൊലീസിനു നേർക്ക് നിറയൊഴിക്കുകയായിരുന്നു. സുരക്ഷാസേന തീർത്ത ശക്തമായ പ്രതിരോധത്തിനൊടുവിലാണ് നക്സലൈറ്റുകളെ വധിക്കാൻ കഴിഞ്ഞതെന്നും പൊലീസ് വക്താവ് പറഞ്ഞു. ഏറ്റുമുട്ടലിനൊടുവിൽ പ്രദേശത്ത് തിരച്ചിൽ നടത്തിയപ്പോഴാണ് ആറു മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇവരുടെ പക്കൽ നിന്നും ഡബിൾ ബാരൽ ഗൺ അടക്കമുളള ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്.
സി.ആർ.പി.എഫ്, ദന്ദേവാഡ ഡിസ്ട്രിക്ട് റിസർവ്വ് ഗാർഡ്, സുഖ്മ ഡി.ആർ.ജി, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് എന്നീ സേനാംഗങ്ങളുടെ സംയുക്തനീക്കത്തിനൊടുവിലാണ് നക്സലൈറ്റുകളെ വധിക്കാനായത്.