തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖല അഴിമതി മുക്തമാണെന്നും ഇക്കാര്യം ഉറപ്പിച്ചുപറയാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പിന്‍വലിച്ച നോട്ടുകള്‍ മാറാനുളള അനുമതി നിഷേധിച്ചതിലും സഹകരണ മേഖലയില്‍ കളളപ്പണം ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരേയും തിരുവനന്തപുരത്ത് ആര്‍ബിഐ ഓഫീസിന് മുന്നില്‍ മന്ത്രിമാരെയും പങ്കെടുപ്പിച്ച് നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എങ്ങനെ ഓരോ തലത്തിലും അഴിമതി നടത്താന്‍ കഴിയുമെന്ന് ഗവേഷണം നടത്തുന്ന വിദഗ്ധരുടെ കാലമായിട്ടും സഹകരണ മേഖലയ്ക്ക് അതിന്റെ ശുദ്ധി നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ സാമൂഹ്യപ്രതിബദ്ധതയോടെയാണ് പ്രവര്‍ത്തിക്കുന്നത്.
സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന സ്ഥാപനങ്ങളില്‍ പല തരത്തിലുളള ക്രമക്കേടുകള്‍ നടക്കാറുണ്ട്. എന്നാല്‍ താരതമ്യേന ക്രമക്കേട് കുറഞ്ഞതും സുതാര്യമായി കാര്യങ്ങള്‍ നടത്തുന്നതും മറ്റ് കുഴപ്പങ്ങളിലേക്ക് ചെന്നുചാടാത്തതുമായ മേഖലയാണ് സഹകരണ മേഖലയെന്നും പിണറായി അവകാശപ്പെട്ടു.
കേരളത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്താനമായിട്ടാണ് സഹകരണ പ്രസ്താനം നിലനില്‍ക്കുന്നതെന്ന് പിണറായി വിജയന് പറഞ്ഞു. സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളാണ് ഇവിടെ ഉളളത്. മാര്‍ച്ചിലെ കണക്ക് അനുസരിച്ച് 1,27000 കോടി രൂപയുടെ നിക്ഷേപമാണ് സഹകരണ മേഖലയില്‍ ഉളളത്. കടുത്ത പരിശോധനാ നടപടികളാണ് ഡിപ്പാര്‍ട്ട്മെന്റും സഹകരണ രജിസ്ട്രാര്‍ ഓഫീസും സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു
രാവിലെ പത്ത് മണിക്കാണ് ധര്‍ണ ആരംഭിച്ചത്. മന്ത്രിമാരും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുളള വിവിധ രാഷ്ട്രീയ നേതാക്കളും ധര്‍ണയില്‍ പങ്കെടുത്തിരുന്നു.