ഭുവനേശ്വർ : ചുവപ്പൻ ഭീകരരുടെ ഭീഷണിയിൽ വിറച്ച് മൽകാൻഗിരി. ഓരോ വീട്ടിൽ നിന്നും ഒരാൾ കമ്യൂണിസ്റ്റ് മാവോയിസ്റ്റ് സംഘടനയിൽ ചേരണം എന്ന ഭീഷണിയെത്തുടർന്ന് മുപ്പതോളം കുടുംബങ്ങൾ ദാബുഗുഡ ഗ്രാമം ഉപേക്ഷിച്ച് പലായനം ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 24 ന് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഭീഷണിയുമായി സംഘടന രംഗത്തെത്തിയത്.
വനമേഖലയിൽ റിക്രൂട്ട്മെന്റ് ക്യാമ്പുകൾ തുറന്നതിനു ശേഷമാണ് ഭീഷണി ആരംഭിച്ചത്. കൊല്ലപ്പെട്ട ഭീകരരെ രക്തസാക്ഷികളായി കാണണമെന്നും അവരെ ആദരിക്കണമെന്നുമുള്ള ആഹ്വാനവും നൽകിയിട്ടുണ്ട്. സംഘടനയിൽ ചേർന്നില്ലെങ്കിൽ കമ്യൂണിസ്റ്റ് ഭീകരർ കൊല്ലും , ചേർന്നാൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടും എന്ന അവസ്ഥയിലാണ് ഗ്രാമീണർ . ഇതാണ് ഇവരെ പലായനത്തിന് നിർബന്ധിതരാക്കിയത്.
രാജ്യത്തെ മാവോയിസ്റ്റ് ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന മൽകാൻഗിരിയിൽ ഈയിടെയായി സുരക്ഷാസേനയുടെ ശക്തമായ മുന്നേറ്റമാണ് നടക്കുന്നത് . സെപ്റ്റംബറിൽ നടന്ന ഏറ്റുമുട്ടൽ സംഘടനയുടെ നട്ടെല്ല് തകർത്തിരുന്നു. ഒഡിഷ , ആന്ധ്ര – ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്ന് ഗ്രാമവാസികളെ നിർബന്ധിത റിക്രൂട്ട്മെന്റിന് വിധേയരാക്കാനാണ് മാവോയിസ്റ്റുകൾ ശ്രമിക്കുന്നത് .