കോട്ടയം: പ്രധാനമന്ത്രിയുടെ നയങ്ങളെ അനുകൂലിച്ച് പി.സി.ജോർജ്ജ് എം.എൽ.എ. നോട്ടുകൾ അസാധുവാക്കിയ നടപടിയെ ഓരോ ഭാരതീയനും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. വിവിധ രാഷ്ട്രീയ കക്ഷികള്‍ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന കളളപ്പണം കണ്ടെത്തണമെന്നും പി.സി.ജോർജ്ജ് ജനം ടി.വിയോട് പറഞ്ഞു.
500, 1000 നോട്ടുകൾ പിൻവലിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ ഓരോ ഭാരതീയനും അംഗീകരിക്കുകയും അഭിനന്ദിക്കുക്കയും ചെയ്യും. ഇവിടുത്തെ ബ്യൂറോക്രാറ്റ്സ് എത്രയോ ലക്ഷം രൂപയാണ് കൈക്കൂലിയായി നേടിയിരിക്കുന്നത്. ഇതെല്ലാം തടയാൻ കഴിയുന്ന ഒരു നടപടിയിലേക്ക് പ്രധാനമന്ത്രി പോയാൽ ആ നടപടിയെ സ്വാഗതം ചെയ്യാതിരിക്കാൻ മനഃസ്സാക്ഷിയുളള ഒരു ഭാരതീയനും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ പേരിൽ അഭിമാനം കൊളളുന്ന വ്യക്തിയെന്ന നിലയിലാണ് തന്റെ ഉറച്ച അഭിപ്രായം വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷിക മേഖലയിലെയും ചെറുകിട കച്ചവടക്കാരുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിലും പ്രധാനമന്ത്രി വിജയിക്കണം. കളളപ്പണക്കാരും കൈക്കൂലിക്കാരുമായ രാഷ്ട്രീയക്കാര്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.