ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായികിനെതിരെ എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഭീകരവിരുദ്ധ നിയമം, മതസ്പര്‍ധ വളര്‍ത്തല്‍, സാഹോദര്യം തകര്‍ക്കല്‍ തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം ഇയാളുടെ മുംബൈയിലെ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്ത എന്‍ഐഎ ഉദ്യോഗസ്ഥര്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു.
ഭീകരതയ്‌ക്കെതിരെ രണ്ടും കല്‍പിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. വിവാദ ഇസ്ലാമിക മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരായ നടപടികളെ അങ്ങനെ വേണം വിലയിരുത്താന്‍. ഐഎസ് ബന്ധം ഉള്‍പ്പെടെ തെളിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഇയാളുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് നിരോധനമേര്‍പ്പെടുത്തിയതിന് പുറമേ സക്കീര്‍ നായിക്കിനെതിരെ എന്‍ഐഎ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഭീകരവിരുദ്ധ നിയമം, മതസ്പര്‍ധ വളര്‍ത്തല്‍, സാഹോദര്യം തകര്‍ക്കല്‍ തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം സക്കീര്‍ നായിക്കിന്റെ മുംബൈയിലെ സ്ഥാപനങ്ങളിലും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഓഫീസുകളിലും എന്‍ഐഎ സംഘം റെയ്ഡ് നടത്തി. മതവിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങളും വീഡിയോകളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഐആര്‍എഫിന്റെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച രേഖകളും എന്‍ഐഎ റെയ്ഡില്‍ ലഭിച്ചതായാണ് സൂചന. ഇതിനിടെ സൗദി അറേബ്യയിലേക്ക് കടന്ന സക്കീര്‍ നായിക്കിനെ ഇന്ത്യയിലേക്കെത്തിക്കാനുള്ള ശ്രമങ്ങളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.