കൊല്ലം: സി പി എം ഭരിക്കുന്ന സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് കൊല്ലത്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ഭാര്യയുടെ ചികിത്സയ്‌ക്കായി ഇളംകുളം സഹകരണ ബാങ്കിൽ നിന്ന് എടുത്ത് 75,000 രൂപ തിരിച്ചടയ്‌ക്കാൻ കഴിയാതെ കല്ലുവാതുക്കൽ സ്വദേശി വിജയകുമാർ ആണ് ആത്മഹത്യ ചെയ്തത്. നിത്യ വൃത്തിക്ക് പോലും വകയില്ലാത്ത വിജയകുമാർ തിരിച്ചടവിന് ഇളവ് ആവശ്യപ്പെട്ടെങ്കിലും സഹകരണ ബാങ്ക് അധികൃതർ തയ്യാറായില്ല .
കൊള്ള പ്പലിശക്കാരന് മുന്നിലല്ല തിരിച്ചടവിന് സാവകാശം ആവശ്യപ്പെട്ട് വിജയകുമാർ എത്തിയത്. സർക്കാർ പറയുന്ന പാവങ്ങളുടെ അത്താണിയായ സഹകരണ ബാങ്ക് അധികൃതരുടെ മുന്നിൽ തന്നെയാണ്. പക്ഷെ വട്ടിപ്പലിശക്കാരൻ കാട്ടുന്ന കനിവ് പോലും സിപി എം ഭരിക്കുന്ന ഇളംകുളം സർവീസ് സഹകരണ ബാങ്ക് കാണിച്ചില്ല. ഭാര്യയുടെ ചികിത്സയ്‌ക്കായി എടുത്ത 75000 രൂപയും പലിശയും അടയ്‌ക്കാൻ നിത്യ വൃത്തിക്ക് പോലും വകയില്ലാത്ത് വിജയ കുമാറിന് ആകുമായിരുന്നില്ല. ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് ഒരു മുഴം കയറിൽ അയാൾ ജീവിതം അവസാനിപ്പിച്ചു.
മൺ കട്ടകൾ കൊണ്ട് ഉണ്ടാക്കിയ ഒരു കൂര അതായിരുന്നു സഹകരണ ബാങ്കിലെ ബാധ്യതക്കാരന്റെ ആസ്തി. അടച്ചുറപ്പുള്ള ഒരു വീടിനു വേണ്ടി രണ്ട് പെൺകുട്ടികളുടെ അച്ഛനായ വിജയകുമാർ ഇടതുപക്ഷം ഭരിക്കുന്ന കല്ലുവാതുക്കൽ പഞ്ചായത്തിലും സ്വന്തം വാർഡിലുള്ള സ്ഥലം എംഎൽഎയ്‌ക്കും പല തവണ അപേക്ഷ നൽകിയിട്ടും കനിഞ്ഞിട്ടില്ല.