മുംബൈ: രാജ്യത്ത് 500, 1000 രൂപയുടെ കറൻസികൾ പിൻവലിച്ചതിനു ശേഷം നവംബർ 10 മുതൽ പതിനേഴു വരെയുളള എട്ടു ദിവസങ്ങൾ കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപമായെത്തിയത് 1.26 ലക്ഷം കോടി രൂപ. നവംബർ 15ലെ കണക്കനുസരിച്ച് എസ്.ബി.ഐയുടെ 24,000 ശാഖകൾ വഴിയായി 92,000 കോടി രൂപയായിരുന്നു നിക്ഷേപമായെത്തിയത്.
ഇത് ബാങ്കിന്റെ പലിശനിരക്കുകളിൽ ഗണ്യമായ കുറവു വരുത്തുമെന്നാണ് സൂചന. ഇപ്പോൾ തന്നെ വിവിധ കാലയളവുകളിലുളള നിക്ഷേപ പലിശനിരക്കുകളിൽ 50 ബേസിസ് പോയന്റ് വരെ കുറവു വരുത്തിയിട്ടുണ്ട്. ഉടൻ തന്നെ വായ്പാപലിശയിലും ഗണ്യമായ കുറവുണ്ടാകും. ഇത് ഭവനവായ്പയടക്കമുളള വായ്പകളിൽ സാധാരണക്കാരന് പ്രതീക്ഷയേകുന്നതാണ്.
ബാങ്കുകളിൽ നിന്നും പിൻവലിക്കുന്ന തുകകളിലും നിയന്ത്രണമുളളത് ബാങ്കുകൾക്ക് ഗുണം ചെയ്യുന്നതായാണ് വിലയിരുത്തപ്പെടുന്നത്.