കാൺപൂർ: ഇന്നു വെളുപ്പിനെ കാൺപൂരിൽ പറ്റ്‌ന-ഇൻഡോർ രാജേന്ദ്രനഗർ എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തിൽ മരണം 45 ആയി. അപകടസ്ഥലത്തു നിന്നും ഇതു വരെ 45 മൃതദേഹങ്ങൾ കണ്ടെടുത്തതായി കാൺപൂർ ഐ.ജി സാകി അഹമ്മദ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
ഇന്നു പുലർച്ചെ 5 മണിക്കായിരുന്നു തീവണ്ടിയുടെ 14 കോച്ചുകൾ അപകടത്തിൽ പെട്ടത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതിനായി ഡി.ജി.പിയെ ചുമതലപ്പെടുത്തി.
അപകടത്തേക്കുറിച്ച് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. അപകടത്തിൽ പെട്ടവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുമെന്നും, മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ ആവശ്യപ്പെട്ടതായും അദ്ദേഹം ട്വീറ്റ് ചെയ്തു. റെയിൽ മൊബൈൽ മെഡിക്കൽ യൂണിറ്റും അപകടസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി റെയിൽവേ മന്ത്രിയുമായി ഫോണിൽ സ്ഥിതിഗതികൾ വിലയിരുത്തി.
അപകടത്തിൽ പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തി.