തിരുവനന്തപുരം: അഞ്ഞൂറു രൂപയുടെ പുതിയ കറൻസികൾ സംസ്ഥാനത്തെത്തി. വെളളിയാഴ്ച വിമാനമാർഗ്ഗമാണ് നോട്ടുകൾ റിസർവ്വ് ബാങ്കിൽ എത്തിയത്. നാസിക്കിൽ നിന്നാണ് നോട്ടുകൾ എത്തിച്ചിട്ടുളളത്. 150 കോടി രൂപയുടെ 500 രൂപ നോട്ടുകളാണ് ഇപ്പോൾ സംസ്ഥാനതലസ്ഥാനത്തെ റിസർവ്വ് ബാങ്കിന്റെ ഓഫീസിൽ എത്തിച്ചിരിക്കുന്നത്.
അതേസമയം നോട്ടുകൾ എന്നു മുതൽ വിതരണം ചെയ്തു തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. എ.ടി.എം മെഷീനുകൾ കോൺഫിഗർ ചെയ്യുന്നതു സംബന്ധിച്ച ആലോചനയിലാണ് അധികൃതർ എന്നാണ് ലഭിക്കുന്ന വിവരം. വലിപ്പത്തിലും, കനത്തിലും പഴയ 500 രൂപ നോട്ടുകളിൽ നിന്നും പുതിയ നോട്ടുകൾക്ക് വ്യത്യാസമുണ്ട്.
എ.ടി.എമ്മുകൾ പുനഃക്രമീകരിക്കുന്നതു വരെ 500 രൂപ നോട്ടുകൾ എ.ടി.എം കൗണ്ടർ വഴി ലഭ്യമാകാൻ സാദ്ധ്യതയില്ല. 2000ത്തിന്റെ കറൻസി നേരത്തേ ഇല്ലാതിരുന്നതിനാൽ അവ എ.ടി.എം മെഷീനുകളിൽ ചേർക്കുന്നതിനു പ്രയാസം നേരിട്ടിരുന്നില്ല. അതേസമയം പഴയ 500 രൂപ നോട്ടുകളിൽ നിന്നും പുതിയ നോട്ടുകൾ എ.ടി.എം മെഷീനുകൾ തിരിച്ചറിയുന്നതിനായി മെഷീനുകൾ പുനഃക്രമീകരിക്കേണ്ടതുണ്ട്. രാജ്യത്തെ മറ്റു പല നഗരങ്ങളിലും പുതിയ 500 രൂപ നോട്ടുകൾ ഇതിനോടകം എത്തിക്കഴിഞ്ഞു.