കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ പ്രവാസികളെ ലക്ഷ്യമിട്ട് വീണ്ടും കുഴല്‍പണ സംഘം സജീവമെന്ന് സൂചന. നേരത്തെ പ്രവാസികള്‍ക്ക് നല്‍കിയിരുന്ന തുകയുടെ ഇരട്ടി വാഗ്ദാനം ചെയ്താണ് ഇവര്‍ വിദേശകറന്‍സികള്‍ കൈക്കലാക്കുന്നത്. 60 ദിര്‍ഹത്തിന് ആയിരം രൂപ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 30 ദിര്‍ഹത്തിന് അത്രയും തുക ലഭിക്കുമെന്നതാണ് മെച്ചം.
നോട്ടുകള്‍ അസാധുവാകുന്നതിനു മുന്‍പ് കൊടുവള്ളി കേന്ദ്രീകരിച്ച് 10 കോടി മുതല്‍ 20 കോടിവരെ ദിവസവും ഹവാലപണം എത്തിയിരുന്നുവെന്നാണ് വിവരം. മുംബെയില്‍ നിന്നാണ് നോട്ടുകള്‍ കൊണ്ടുവന്നിരുന്നത്. നോട്ട് അസാധുവായ ദിവസം 10കോടിയുടെ കള്ളപ്പണം കൊടുവള്ളിയിലെത്തിയെങ്കിലും തിരിച്ചയച്ചിട്ട് കാര്യമില്ലെന്ന് വ്യക്തമായതോടെ ഇവിടെത്തന്നെ ചെലവഴിക്കാനായിരുന്നു മുംബൈയില്‍ നിന്നുള്ള നിര്‍ദ്ദേശം. എന്നാല്‍ ഇത് ചെലവഴിക്കാന്‍ സാധിച്ചില്ലെന്ന് മറുപടി നല്‍കി ഇവ പലരും സ്വന്തമാക്കി.
ഇത് പലവഴിയിലും ചെലവഴിച്ചാണ് സംഘം വീണ്ടും സജീവമാകുന്നത്. അതിലൊരുമാര്‍ഗമാണ് കുറഞ്ഞ വിദേശകറന്‍സിക്ക് കൂടുതല്‍ പണം നല്‍കുന്നത്. നേരത്തെ നല്‍കിയിരുന്ന വിദേശകറന്‍സിയുടെ പകുതി നല്‍കിയാല്‍ പഴയതുക തന്നെ പകരം കിട്ടുമെന്നതാണ് ഇപ്പോഴത്തെ മെച്ചം. വരുംവരായ്കകള്‍ ആലോചിക്കാതെ പലരും ഇതില്‍ കുടുങ്ങിയിട്ടുണ്ട്.
പല ബാങ്കുകളിലായി കൂലിക്ക് ആളെവച്ച് തുക മാറ്റിയെടുത്തും, നാട്ടിലേക്ക് പണമയക്കുന്ന ഇതരദേശത്തൊഴിലാളികള്‍ക്ക് കൂടുതല്‍ പണം വാഗ്ദാനം ചെയ്തും, ജന്‍ധന്‍ അക്കൗണ്ടില്‍ നിക്ഷേപം നടത്തിയും, കെഎസ്ആര്‍ടിസി, പെട്രോള്‍ പമ്പുകള്‍, ബിവ്‌റേജസ് സ്ഥാപനങ്ങള്‍ വഴിയുമാണ് ഇവ ചെലവഴിക്കുന്നത്.
അസാധുനോട്ടുകള്‍ സ്വീകരിക്കുന്നില്ലെന്ന് ബോര്‍ഡ് വച്ച സ്ഥാപനങ്ങള്‍ ബാങ്കുകളില്‍ അടക്കുന്ന അസാധുനോട്ടുകളില്‍ മിക്കതും ഇത്തരത്തിലുള്ളവയാണെന്നാണ് സംശയം. വിരലില്‍ മഷി പുരട്ടാന്‍ തുടങ്ങിയ ദിവസം ക്യൂവില്‍ നിന്ന് അപ്രത്യക്ഷമായ പലരും ഇത്തരക്കാരാണെന്നും വിവരമുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതായി താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ് പറഞ്ഞു.