ന്യൂഡൽഹി: സംസ്ഥാനത്തെ എല്ലാത്തരം നികുതിയും പഴയനോട്ടുകൾ ഉപയോഗിച്ച് അടയ്ക്കാൻ കേന്ദ്ര സർക്കാറിന്റെ അനുമതി. കെ.എസ്.ആർ.ടി.സിക്കും ഇലക്ട്രിസിറ്റി ബോർഡിനും പഴയനോട്ടുകൾ സ്വീകരിക്കാം. ഉത്തരവ് നാളെയിറങ്ങും. കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനമായത്.
പുതിയ നോട്ടുകളുടെ ലഭ്യത കേരളത്തിൽ ഉറപ്പാക്കുന്നതുവരെ നികുതി അടവിന് പഴയനോട്ടുകൾ ഉപയോഗിക്കാമെന്നാണ് തീരുമാനമായത്. കേരളത്തിൽ സർക്കാർ സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ നികുതികളും അടയ്ക്കാൻ പഴയനോട്ടുകൾ തന്നെ ഉപയോഗിക്കാൻ കേന്ദ്ര ധനകാര്യമന്ത്രാലയം അനുമതി നൽകി. ഇത് സംബന്ധിച്ച ഉത്തരവ് നാളെയിറങ്ങുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലിയുടെ ഉറപ്പു ലഭിച്ചതായി തോമസ് ഐസക്ക് ഡൽഹിയിൽ പറഞ്ഞു.
കെ.എസ്.ആർ.ടി സി സീസൺ ടിക്കറ്റ് പഴയ നോട്ടുകൾ ഉപയോഗിച്ച് എടുക്കാം. നോട്ട് പിൻവലിക്കൽ മൂലം സംസ്ഥാനത്തിനുണ്ടായ നികുതി നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിക്കും. നികുതി കുടിശകകളെല്ലാം ഈ മാസം തന്നെ അടച്ചു തീർക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.