കണ്ണൂർ: ഭാരതത്തിലെ പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ള വംശീയ കലാകാരന്മാരുടെ കരവിരുത് നേരിട്ടുകാണാന്‍ കണ്ണൂരില്‍ കേരള ഫോക്ലോര് അക്കാദമി ഒരുക്കിയ ലോഹാര്‍ അഖിലേന്ത്യാ ശില്പശാലയിലേക്ക് കലാകുതുകികളുടെ ഒഴുക്ക്. സ്വദേശികളും വിദേശികളുമായ ആയിരങ്ങളാണ് ഓരോദിവസവും ശില്പശാല സന്ദര്‍ശിക്കുന്നത്.
ബീഹാറിലെ മധുബനി പെയിന്റിംഗ്, ചത്തീസ്ഗഢിലെ തുംബ ക്രാഫ്റ്റ്, മഹാരാഷ്ട്രയിലെ വര്‍ളി പെയിന്റിംഗ്, രാജസ്ഥാനിലെ പിചുവായ് പെയിന്റിംഗ്, ഒഡീഷയിലെ പട്ടചിത്ര തുടങ്ങിയ ഭാരതീയ വംശീയ കരവിരുതിന്റെ വിസ്മയക്കാഴ്ചകളാണ് ലോഹാര്‍ ശില്പശാലയിലുള്ളത്. ഉത്തരേന്ത്യന്‍ വംശീയ സമൂഹത്തിന്റെ പേരാണ് ലോഹാര്‍. കേരള ഫോക്ലോര് അക്കാദമി ഒരുക്കിയ ശില്പശാലയില് പതിനേഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വംശീയ കലാകാരന്മാര് പങ്കെടുക്കുന്നു.
കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ പ്രത്യേകം സജ്ജീകരിച്ച അമ്പത്തിനാല് സ്റ്റാളുകളിലായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വംശീയ കലാകാരന്മാരുടെ കലാപ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിനായി പഠിതാക്കള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. നവംബര്‍ 25 വരെ നീളുന്ന ശില്പശാലയുടെ ഭാഗമായി എല്ലാദിവസവും നാടോടി നൃത്താവതരണവും നടക്കുന്നു.