തിരുവനന്തപുരം : കളളപ്പണത്തിനെതിരായ കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ എൽഡിഎഫുമായി ചേർന്ന് സംയുക്ത സമരം നടത്താനുളള തീരുമാനത്തിൽ യുഡിഎഫിൽ അഭിപ്രായ വ്യത്യാസം രൂക്ഷം. എൽ ഡി എഫിനൊപ്പം സംയുക്ത സമരം നടത്താൻ ഇന്നു ചേർന്ന യുഡിഎഫ് യോഗത്തിൽ തീരുമാനമായതായി രമേശ് ചെന്നിത്തല പറഞ്ഞു. യോജിച്ച സമരം വേണ്ടന്ന നിലപാടിൽ വിഎം സുധീരൻ ഉറച്ചു നിന്നെങ്കിലും ഘടകകക്ഷികളുടെ സമ്മർദ്ദം ഫലം കാണുകയായിരുന്നു.
അതേസമയം, സഹകരണമേഖലയിലെ പ്രശ്നത്തിൽ സർക്കാരുമായി യോജിച്ച് സമരത്തിനില്ലെന്ന് നിലപാട് തന്നെയാണ് തനിക്കെന്ന് കെപിസിസി പ്രസിഡന്‍റ് വി.എം സുധീരൻ പിന്നീട് വ്യക്തമാക്കി. സർവ്വകക്ഷിസംഘം കേന്ദ്രത്തെ കണ്ടതിന് ശേഷം ഇതിൽ എന്ത് തീരുമാനമെടുക്കണമെന്ന് തീരുമാനിക്കുമെന്നും സുധീരൻ പറഞ്ഞു. കറൻസി പിൻവലിച്ച വിഷയത്തിൽ, നിയമസഭയിൽ പാസ്സാക്കാൻ പോകുന്ന പ്രമേയത്തെ അനുകൂലിക്കുമെന്നും സുധീരൻ പറഞ്ഞു.