കോട്ടയം: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ എരുമേലിയ്‌ക്ക് മതിയായ സുരക്ഷയില്ലെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഉന്നതതല സംഘം എരുമേലിയില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് സുരക്ഷാവീഴ്ചകള്‍ കണ്ടെത്തിയത്. ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് എരുമേലി വഴി ശബരിമലയിലേക്ക് പോകുന്നത്.
ശബരിമലയുടെ സുരക്ഷാ പരിശോധനയ്‌ക്കെത്തിയ സംഘമാണ് എരുമേലിയിലുമെത്തി പരിശോധന നടത്തിയത്. ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ എത്തുന്ന എരുമേലി ശബരിമലപോലെ തന്നെ പ്രധാന്യം അര്‍ഹിക്കുന്നുണ്ടെന്നും എന്നാല്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഇല്ലെന്നും സംഘം ചൂണ്ടിക്കാട്ടി. എരുമേലിയില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ പ്രധാന ജോലി വാഹനനിയന്ത്രണം മാത്രമാണ്. എരുമേലി ശാസ്താക്ഷേത്രം, വാവര്‍ പള്ളി, പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍, കുളിക്കടവ് എന്നിവിടങ്ങള്‍ സുരക്ഷിതമല്ലെന്നും, ക്ഷേത്രത്തിന് ചുറ്റും വഴികളാണെന്നും സംഘം നിരീക്ഷിച്ചു.
എരുമേലിയില്‍ നിലവിലുള്ള സുരക്ഷാ സംവിധാനം അപര്യാപ്തമാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ആവശ്യമായ പൊലീസുകാരില്ല. അതിനാല്‍ സുരക്ഷാ ക്രമീകരണത്തിനായി അധികം പൊലീസിനെ നിയമിക്കേണ്ടതുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ ജോലിക്ക് എത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസ് കര്‍ശനമായി പരിശോധിക്കണം. സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ചുകൊണ്ട് വിശദമായ റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും പരിശോധനയക്കെത്തിയ സംഘം അറിയിച്ചു.