ന്യൂഡല്‍ഹി: ഇന്‍ഡോര്‍ – പാറ്റ്ന എക്സ്പ്രസ്സ് ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 145 ആയി. കണ്ടെടുത്ത മൃതദേഹങ്ങളില്‍ 123 എണ്ണം മാത്രമേ ഇതു വരെ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ. അതേസമയം സംഭവത്തില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഫോറന്‍സിക് അന്വേഷണം പ്രഖ്യാപിച്ചു.
ഏഴ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ റെയില്‍ അപകടത്തില്‍ സംശയങ്ങള്‍ അവശേഷിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ഫോറന്‍സിക് അന്വേഷണത്തിന് റെയില്‍വേ മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്. റെയില്‍ പാളത്തിലെ വിള്ളലാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനമെങ്കിലും മറ്റ് സാധ്യതകളും റെയില്‍വേ തള്ളിക്കളയുന്നില്ല. ലോക്സഭയിലാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അന്വേഷണ പ്രഖ്യാപനം നടത്തിയത്.
ഇതിനിടെ അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം റെയില്‍വേ അവസാനിപ്പിച്ചു. ആരും തന്നെ കുടുങ്ങി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് നടപടി. കണ്ടെത്തിയ മൃതദേഹങ്ങളില്‍ തിരിച്ചറിഞ്ഞവ ഇതിനോടകം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിക്കഴിഞ്ഞു.
ഞായര്‍ പുലര്‍ച്ചെ കാണ്‍പൂരിന് സമീപമുണ്ടായ അപകടത്തില്‍ 14 കോച്ചുകളാണ് പാളം തെറ്റിയത്. ഇതില്‍ എസ്3, എസ്4 കോച്ചുകളില്‍ ഉണ്ടായിരുന്നവരാണ് മരിച്ചവരില്‍ ഏറെയും. 200ലേറെപ്പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ സൈന്യവും, ദേശീയ ദുരന്ത നിവാരണ സേനയും, റെയില്‍വേ സുരക്ഷാ സേനയും അശ്രാന്ത പരിശ്രമം നടത്തിയാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. ഇതിനിടെ ചികിത്സയിലുള്ള പലരുടേയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.