ശ്രീനഗര്‍: 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കൊള്ളസംഘത്തെയും ആപ്പിലാക്കി. കശ്മീരിലെ ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ ശാഖയില്‍ കൊള്ളയ്‌ക്കെത്തിയ സംഘം കൊണ്ടുപോയത് 11 ലക്ഷം രൂപയുടെ പിന്‍വലിച്ച നോട്ടുകള്‍. ശ്രീനഗറില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുളള മാല്‍പോരയിലെ ശാഖയിലാണ് കൊള്ള നടന്നത്.
മൊത്തം 13 ലക്ഷം രൂപ കൊള്ളക്കാര്‍ കൊണ്ടുപോയതായി ബാങ്ക് ജീവനക്കാര്‍ പറഞ്ഞു. ഇതില്‍ 11 ലക്ഷവും പഴയ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ ആയിരുന്നു. പിന്‍വലിച്ചതിനെ തുടര്‍ന്ന് ആളുകള്‍ തിരികെ ഏല്‍പിച്ച നോട്ടുകളായിരുന്നു ഇവ. മുഖംമറച്ച ആയുധധാരികളായ നാലംഗസംഘമാണ് കൊളള നടത്തിയത്.
സംഘത്തിലെ മൂന്നു പേര്‍ അകത്തേക്ക് കടന്നുകയറി ജീവനക്കാരെയും ബാങ്കിലുണ്ടായിരുന്നവരെയും ഭയപ്പെടുത്തി നോട്ടുകെട്ടുകളുമായി മടങ്ങുകയായിരുന്നു. സംഭവസമയം പന്ത്രണ്ടോളം പേര്‍ ബാങ്കില്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
കൊളളയ്‌ക്ക് പിന്നില്‍ തീവ്രവാദ സംഘങ്ങളാണെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കശ്മീര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.