ലക്നൗ: എക്സ്പ്രസ് പാതയില്‍ യുദ്ധവിമാനങ്ങള്‍ ഇറക്കി കരുത്ത് തെളിയിച്ച് വ്യോമസേന. ആഗ്ര-ലക്്നൗ എക്സ്പ്രസ് പാതയിലാണ് വ്യോമസേന ആറ് യുദ്ധവിമാനങ്ങള്‍ ഇറക്കിയത്. മിറാഷ് 2000 വിഭാഗത്തിലെ മൂന്ന് വിമാനങ്ങളും സുഖോയ് 30 വിഭാഗത്തില്‍ പെടുന്ന മൂന്ന് വിമാനങ്ങളുമാണ് പാതയില്‍ വിജയകരമായി ലാന്‍ഡ് ചെയ്യിപ്പിച്ചത്.
പാതയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു ലാന്‍ഡിങ്ങ്. ഉദ്ഘാടനച്ചടങ്ങിനെത്തിയ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുളളവര്‍ വ്യോമസേനയുടെ നേട്ടത്തില്‍ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ വര്‍ഷം മെയില്‍ യമുന എക്സ്പ്രസ് വേയില്‍ ഇന്ത്യന്‍ വ്യോമസേന മിറാഷ് 2000 യുദ്ധവിമാനം ഇറക്കിയിരുന്നു.
യുദ്ധസമാന സാഹചര്യം മറികടക്കാനുള്ള പരിശീലനത്തിന്റെ ഭാഗം കൂടിയായിരുന്നു എക്സ്പ്രസ് വേയിലെ ലാന്‍ഡിങ്ങ്. എയര്‍ സ്ട്രിപ്പുകള്‍ ലഭ്യമല്ലാത്ത അടിയന്തര സാഹചര്യങ്ങളില്‍ ഇത്തരം ഹൈവേകള്‍ ലാന്‍ഡിംഗ് സ്ട്രിപ്പുകളാക്കി മാറ്റുന്നതിന്റെ മുന്നൊരുക്കം കൂടിയായിരുന്നു ഇത്.
302 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള എക്സ്പ്രസ് വേയുടെ നിര്‍മാണച്ചെലവ് 13,200 കോടി രൂപയാണ്. അഖിലേഷിന്റെ പിതാവും സമാജ്വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവ് ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.