കാൺപൂർ: കാൺപൂരിൽ 146 പേരുടെ ജീവൻ അപഹരിച്ച തീവണ്ടിദുരന്തത്തേത്തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഭോഗ്നിപൂർ റെയിൽവേ പൊലീസ് ആണ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നത്.
ഐ.പി.സി 337, 338, 304എ, റെയിൽവേ ആക്ടിലെ 154 തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അജ്ഞാതരായ ജീവനക്കാർക്കെതിരേ പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ഡി.ജി.പി ജാവേദ് അഹമ്മദ് അറിയിച്ചു.
ഇതുവരെ 146 പേർ മരിച്ചതിൽ 130 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 127 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടു കൊടുത്തതായും ഡി.ജി.പി ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 68 പേർ ഉത്തർപ്രദേശിൽ നിന്നുളളവരും, 28 പേർ മദ്ധ്യപ്രദേശിൽ നിന്നുളളവരും, 31 പേർ ബീഹാർ സ്വദേശികളുമാണ്. രണ്ടു പേർ മഹാരാഷ്ട്ര സ്വദേശികളും, ഒരാൾ ജാർഘണ്ഡ് സ്വദേശിയുമാണ്.