പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ ഷൊർണൂരിൽ തുടക്കമാവും. അഞ്ചു വിഭാഗങ്ങളിലായി 183 ഇനങ്ങളാണ് മത്സരത്തിലുണ്ടാവുക. പതിനായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ശാസ്ത്രമേള ഇത്തവണ പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാവും.
നാളെ മുതൽ നവംബർ 27 വരെ ഷൊർണൂരിലെ വിവിധ സ്കൂളുകളിലായാണ് സംസ്ഥാന ശാസ്ത്രമേള നടക്കുന്നത്, യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐടി തുടങ്ങിയ ഇനങ്ങളിൽ മാറ്റുരയ്ക്കും. 183 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
പൊതു വിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെ മേളയ്ക്ക് തുടക്കമാവും . തുടർന്ന് വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ. 24 ന് മുഖ്യ വേദിയായ കെ വി ആർ ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മേള ഉദ്ഘാടനം ചെയ്യും. ശാസ്ത്രമേളപൂർണ്ണമായും പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. മേളയോടനുബന്ധിച്ചു നേരത്തെ ഉയർത്തിയ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാൻ സാധ്യതയില്ല.
മേളയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് സംഘാടക സമിതി ചെയർമാൻ പി കെ ശശി എം എൽ എ പറഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഭക്ഷണമൊരുക്കാറുള്ള പഴയിടം മോഹനൻ നമ്പൂതിരിയാണ് മേളയ്ക്ക് ഭക്ഷണം തയ്യാറാക്കുന്നത്. മത്സരാർത്ഥികൾക്ക് 13 ഇടങ്ങളിലായാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. സമാപന സമ്മേളനം മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യും.