തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിനെ പിന്തുണച്ചതിന്റെ പേരില്‍ മോഹന്‍ലാലിനെ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും ആക്രമിക്കുന്നത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി. മുരളീധരന്‍. നരേന്ദ്ര മോഡിയുടെ ശക്തമായ നിലപാടിനെ ധൈര്യപൂര്‍വം പിന്തുണയക്കാനുള്ള ആര്‍ജ്ജവം പ്രകടിപ്പിക്കുകയാണ് മോഹന്‍ലാല്‍ ചെയ്തതെന്നും അതിന്റെ പേരില്‍ പുലഭ്യം പറയുന്നത് ഭൂഷണമല്ലെന്നും വി. മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും തീവ്രവാദികള്‍ക്കുമെതിരെയാണ് മോഹന്‍ലാലിന്റെ പ്രതികരണം. അതില്‍ നിന്നും ഏതാനും വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് നടനെ അവഹേളിക്കുന്നത് അത്യന്തം അപലപനീയമാണെന്ന് വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി. നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ ഉണ്ടായ നേട്ടങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കിയാണ് പ്രധാനമന്ത്രി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് 10 ദിവസത്തിനു ശേഷം മോഹന്‍ലാല്‍ തന്റെ പിന്തുണ അറിയിച്ച് രംഗത്തുവന്നതെന്ന് വി, മുരളീധരന്‍ ചൂണ്ടിക്കാട്ടി.
ഏതൊരു പൗരനേയും പോലെ ഈ പദ്ധതിയുടെ നേട്ടങ്ങള്‍ മോഹന്‍ലാലിന് ബോധ്യമായിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിപ്രായം പൂര്‍ണമായി വായിക്കുന്ന ആര്‍ക്കും മനസിലാകും. പക്ഷേ അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുന്നതിനും അധിക്ഷേപിക്കുന്നതിനുമുള്ള ആയുധമാക്കി അതിനെ മാറ്റുകയാണ് ചിലര്‍ ചെയ്യുന്നത്. അതിനെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു.