നോട്ട് പിൻവലിക്കലിനെ അനുകൂലിച്ച് ബ്ലോഗെഴുതിയ സംഭവത്തിൽ രൂക്ഷ വിമർശനം നേരിടുന്ന നടൻ മോഹൻലാലിനെ പിന്തുണച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാലിന് പിന്തുണയുമായി സുരേന്ദ്രനെത്തിയത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെതിരെയുള്ള ആക്രമണത്തിനുപിന്നിൽ മറ്റു ചില ലക്ഷ്യങ്ങൾ കൂടിയുണ്ടെന്നാണ് കരുതാനാവുക. ചില ആളുകൾ പാത്തും പതുങ്ങിയും അടക്കംപറച്ചിൽ തുടങ്ങിയിട്ട് നാളു കുറെയായി. മോഹൻലാലിന്റെ കഥാപാത്രങ്ങളുടെ ജാതിയും മതവും കണ്ടെത്തി വ്യാഖ്യാനിക്കാനുള്ള കുത്സിതനീക്കം കേരളം കാണുന്നുണ്ട്.
സിനിമയിലും പൊതുനിലപാടുകളിലും വഴി സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്നിട്ടുള്ള ഒരു പാട്രിയോട്ടിക് തരംഗം സമൂഹത്തിലെ ചില തൽപ്പരകക്ഷികൾക്ക് രസിക്കുന്നില്ല എന്നതാണ് സത്യം അവരാണ് മോഹൻലാലിനെ ഒരു പക്ഷത്തേക്ക് ചേർത്തുനിർത്താൻ ശ്രമിക്കുന്നത്. ബി. ജെ. പി വിരുദ്ധമഹാസഖ്യത്തിലെ നെടുംതൂണായ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞതേ ലാലും പറഞ്ഞുള്ളൂവെന്നും സുരേന്ദ്രൻ പോസ്റ്റിൽ പറയുന്നു.