കൊല്ലം: ഐഎന്‍ടിയുസി നേതാവ് കൊല്ലം അഞ്ചല്‍ രാമഭദ്രന്‍ കൊലക്കേസില്‍ മന്ത്രി മെഴ്‌സിക്കുട്ടിയമ്മയുടെ സ്റ്റാഫും സിപിഎം ജില്ലാ കമ്മറ്റിയംഗവും സിപിഎം പ്രവര്‍ത്തകനും ഉള്‍പ്പെടെ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. മെഴ്‌സിക്കുട്ടിയമ്മയുടെ സ്റ്റാഫിലെ മാക്‌സന്‍ ആണ് അറസ്റ്റിലായത്. ബാബു പണിക്കരാണ് അറസ്റ്റിലായ ജില്ലാ കമ്മറ്റിയംഗം.
2010 ഏപ്രില്‍ പത്തിനാണ് ഏരൂരിലെ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി ഏരൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമായ നെട്ടയം ശ്രീരാമചന്ദ്രവിലാസത്തില്‍ രാമഭദ്രന്‍ കൊല്ലപ്പെട്ടത്. ആഹാരം കഴിച്ചുകൊണ്ടിരുന്ന രാമഭദ്രനെ ഭാര്യയുടെയും മക്കളുടെയും മുന്നില്‍വെച്ച് കൊലപ്പെടുത്തുകയായിരുന്നു. വീടിന് സമീപത്തെ ക്ഷേത്രത്തില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തിലിറക്കിയതിന്റെ രാഷ്‌ട്രീയ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
റിയാസ് ആണ് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്‍. കേസുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ജയമോഹനെ ചോദ്യം ചെയ്യാനായി സിബിഐ വിളിപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഉള്‍പ്പെടെ പതിനാറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇടതു സര്‍ക്കാരിന്റെ കാലത്ത് അന്വേഷണ ഉദ്യോഗസ്ഥരെ തുടരെ മാറ്റി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രാമഭദ്രന്റെ സഹോദരി യമുന നല്‍കിയ പരാതിയില്‍ 2012 മാര്‍ച്ചില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഇതിന് പിന്നാലെ കേസ് അട്ടിമറിക്കാന്‍ രാഷ്‌ട്രീയ ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപിച്ച് രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് സിബിഐയ്‌ക്ക് വിട്ടത്.