കശ്മീർ: അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. കശ്മീരിലെ ഭിംബെർ. ഗാലി, കൃഷ്ണഘട്ടി, നൗഷേര മേഖലകളിലാണ് പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുന്നത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. സംഘട്ടനം ഇപ്പോഴും തുടരുകയാണ്.
അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ സൈനികർ മൂന്ന് ഇന്ത്യൻ സൈനികരെ കൊല ചെയ്തു രക്ഷപ്പെട്ടതിന്റെ അടുത്ത ദിവസമാണ് വീണ്ടും പ്രകോപനമില്ലാതെ ഇന്ത്യൻ പോസ്റ്റുകൾക്കു നേരേ നിറയൊഴിക്കുന്നത്. കഴിഞ്ഞ ദിവസം കൊല ചെയ്ത സൈനികരിൽ ഒരാളുടെ മൃതദേഹം വികൃതമാക്കിയാണ് പാകിസ്ഥാൻ സൈനികർ കടന്നു കളഞ്ഞത്.
ഭീരുത്വം നിറഞ്ഞ പാകിസ്ഥാൻ നടപടിയ്ക്കെതിരേ ഭാരതം നൽകുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് സൈന്യത്തിന്റെ നോർത്തേൻ കമാൻഡ് വ്യക്തമാക്കിയിരുന്നു. ഇതിനേത്തുടർന്നും പാകിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യമാണ് അതിർത്തിയിലുളളത്. ഇന്നലെ നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്ഥാൻ തീവ്രവാദികളിൽ ഒരാളെ ബി.എസ്.എഫ് വധിച്ചിരുന്നു.
ഭാരതസൈന്യം പാക് അധീന കശ്മീരിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിനു ശേഷം ഇതുവരെ 290ലധികം വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്.