തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മൂന്ന് ഉത്തരവുകള്‍ റദ്ദാക്കി. പദ്ധതി പ്രദേശത്തെ വ്യാവസായിക മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ്, സര്‍ക്കാരിനുണ്ടായിരുന്ന ഓഹരി പങ്കാളിത്തം, പദ്ധതിയുടെ എന്‍ഒസി എന്നിവയാണ് റദ്ദാക്കിയത്.
വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെയാണ് ആറന്മുള വിമാനത്താവളത്ത പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്നതും ആറന്മുളയെ വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്നതും. നേരത്തെ പദ്ധതിക്ക് നല്കിയ അനുമതി പ്രതിരോധ വകുപ്പ് റദ്ദാക്കിയിരുന്നു. യു പി എ സര്‍ക്കാരിന്റെ കാലത്ത് 2011 ലാണ് ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്.
കേരളം കണ്ട ഏറ്റവും വലിയ ജന മുന്നേറ്റങ്ങളില്‍ ഒന്നായിരുന്നു ആറന്മുളയിലെ സമരം. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ആറന്മുള വിമാനത്താവളവിരുദ്ധസമരസമിതിയ്ക്കൊപ്പം കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്ട്ടിളോടും ആഭിമുഖ്യം പുലര്‍ത്തുന്നവരും അല്ലാത്തവരുമായ 141 ഓളം സംഘടനകള്‍ അണിചേര്‍ന്നിരുന്നു.