കൊല്ലം: കോൺഗ്രസ് നേതാവായിരുന്ന രാമഭദ്രനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതാക്കൾ കുടുങ്ങിയപ്പോൾ സി.ബി.ഐക്കെതിരേ ആരോപണവുമായി സി.പി.എം. പ്രതികളെ അറസ്റ്റ് ചെയ്ത സി.ബി.ഐ നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം.
രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ചോദ്യം ചെയ്യുന്നതിനു വിളിച്ചു വരുത്തിയ ശേഷം പ്രതികളെ നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സി.പി.എം ജില്ലാസെക്രട്ടറി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
ആറു വർഷം മുൻപു നടന്ന കേസ് ലോക്കൽ പൊലീസും, ക്രൈം ബ്രാഞ്ചും അന്വേഷിച്ചതാണെന്നും, അതിനു ശേഷമാണ് സി.ബി.ഐക്കു വിട്ടതെന്നും ബാലഗോപാലൻ പറഞ്ഞു. സി.പി.എം നേതാക്കൾക്കെതിരേ അന്ന് ഒരു തെളിവും കിട്ടിയിരുന്നില്ലെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു. അറസ്റ്റിനെതിരേ ജില്ലയിൽ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. കേസിനെ നിയമപരമയും നേരിടും. ബാലഗോപാൽ പറഞ്ഞു.
കേസിൽ സി.പി.എം കൊല്ലം ജില്ലാക്കമ്മറ്റിയംഗം കെ.ബാബു പണിക്കർ, ഡി.വൈ.എഫ്.ഐ നേതാവും, കുണ്ടറ സ്വദേശിയുമായ റിയാസ്, ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കൂടിയായ കുണ്ടറ സ്വദേശി മാക്സൺ എന്നിവരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.
കേസിൽ കശുവണ്ടി കോർപ്പറേഷൻ ചെയർമാൻ ജയമോഹനേയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ബുധനാഴ്ച്ച സി.ബി.ഐ മുൻപാകെ ഹാജരാകാനും ജയമോഹനോടു നിർദ്ദേശിച്ചിട്ടുണ്ട്.
2010 ഏപ്രിൽ പത്തിന് കുടുംബാംഗങ്ങളുടെ മുന്നിൽ വച്ചാണ് എരൂർ മണ്ഡലം വൈസ് പ്രസിഡന്റും, ഐ.എൻ.ടി.യു.സി എരൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമായിരുന്ന രാമഭദ്രനെ കൊലപ്പെടുത്തുന്നത്. സമീപത്തുളള ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന അടിപിടിയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നവർക്ക് ജാമ്യം ലഭിക്കാൻ രാമഭദ്രൻ സഹായിച്ചു എന്നാരോപിച്ചാണ് രാമഭദ്രനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.