തൃശൂര്‍: സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വടക്കാഞ്ചേരി പീഡനക്കേസില്‍ തെളിവില്ലെന്ന് പൊലീസ്. കേസില്‍ കോടതി നിര്‍ദ്ദേശമുണ്ടായാല്‍ മാത്രമെ പ്രതികളുടെ അറസ്റ്റ് ഉണ്ടാകൂവെന്നാണ് പോലീസ് നിലപാട്. ഇതോടെ കേസിന്റെ മുന്നോട്ടുള്ള നീക്കം അനിശ്ചിതത്വത്തിലായി. സിപിഎം കൗണ്‍സിലര്‍ പി.എന്‍ ജയന്തനാണ് കേസിലെ മുഖ്യപ്രതി.
സംഭവം നടന്നിട്ട് രണ്ട് വര്‍ഷം കഴിഞ്ഞതിനാല്‍ പീഡനം നടന്ന സ്ഥലം തിരിച്ചറിയാനായിട്ടില്ലെന്നും ശാസ്ത്രീയ തെളിവുകളും ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് പൊലീസ് ഭാഷ്യം. അതുകൊണ്ടു തന്നെ പരാതിക്കാരിയുടെ മൊഴിയനുസരിച്ച് മാത്രം നടപടിയെടുക്കാന്‍ കഴിയില്ല. യുവതി കോടതിയെ സമീപിക്കുകയും കോടതിയില്‍ നിന്ന് നിര്‍ദ്ദേശമുണ്ടാകുകയും ചെയ്താല്‍ മാത്രം അറസ്റ്റ് മതിയെന്നാണ് പൊലീസ് നിലപാട്. എന്നാല്‍ കേസില്‍ പ്രതികളെ രക്ഷപെടുത്താനുളള തന്ത്രപരമായ പഴുതൊരുക്കുകയാണ് പൊലീസ് എന്നും ആക്ഷേപം ഉണ്ട്.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് അടുത്തിടെ സംഭവം വീണ്ടും വിവാദമായത്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണ് ജയന്തനും സംഘവും. ഈ ബന്ധം ദുരുപയോഗപ്പെടുത്തിയാണ് യുവതിയെ പീഡിപ്പിച്ചത്. ചികിത്സയിലായിരുന്ന ഭര്‍ത്താവിന്റെ അടുത്തേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം മറ്റൊരു കേന്ദ്രത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലോടെ കേസ് വീണ്ടും വിവാദമായി മാറുകയും സിപിഎമ്മിന് നാണക്കേടായി മാറുകയും ചെയ്തിരുന്നു. ആരോപണമുന്നയിച്ച യുവതിയെ മോശമായി ചിത്രീകരിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചതും വിവാദമായിരുന്നു. ജയന്തനും സംഘവും തുടര്‍ച്ചയായി മാനസീക പീഡനം കൂടി തുടര്‍ന്നതോടെയാണ് യുവതി ഭാഗ്യലക്ഷ്മിയുടെ അടുത്ത് എത്തപ്പെട്ടത്. തുടര്‍ന്നായിരുന്നു ഇവര്‍ സംഭവത്തില്‍ ഇടപെട്ടത്.