തിരുവനന്തപുരം: സഹകരണ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ട് ഡല്‍ഹിക്ക് പോകാനിരുന്ന അഖിലകക്ഷി നിവേദക സംഘത്തിന്റെ യാത്ര മാറ്റിവെച്ചു. പ്രധാനമന്ത്രിയടക്കമുളളവരുമായി കൂടിക്കാഴ്ച നടത്താനായിരുന്നു സംഘം ഡല്‍ഹിക്ക് പോകാന്‍ നിശ്ചയിച്ചത്. വ്യാഴാഴ്ച പോകാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും വിഷയത്തില്‍ ധനകാര്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് യാത്ര നീട്ടിവെച്ചത്.
പ്രധാനമന്ത്രി നിവേദക സംഘത്തെ കാണാന്‍ തയ്യാറാകാത്തത് സംസ്ഥാനത്തോടുളള അനാദരവാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് നിയമസഭ കഴിഞ്ഞ ദിവസം അംഗീകരിച്ച പ്രമേയം ഡല്‍ഹിയില്‍ കേരള പ്രതിനിധിയായ റസിഡന്റ് കമ്മീഷണര്‍ മുഖേന പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്രധനമന്ത്രിയെ നേരത്തെ സംസ്ഥാന ധനമന്ത്രിക്കൊപ്പം കണ്ടിരുന്നതായി മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കേരളത്തില്‍നിന്നുള്ള എം.പിമാര്‍ ഒന്നിച്ചും അദ്ദേഹത്തെ കണ്ടിരുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര ധനകാര്യമന്ത്രിയെ കാണാന്‍ മാത്രമായി ഇപ്പോള്‍ ഡല്‍ഹിയില്‍ പോകേണ്ടതില്ല എന്നാണ് നിലപാടെന്നും മുഖ്യമന്ത്രി അറിയിച്ചു.