ന്യൂഡല്‍ഹി: 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ഫലമായി രാജ്യത്തെ മുന്‍സിപ്പാലിറ്റികളുടെ നികുതി വരുമാനത്തില്‍ വന്‍ വര്‍ധന. രാജ്യത്തെ 47 മുന്‍സിപ്പാലിറ്റികളുടെ നവംബറിലെ നികുതി വരുമാനം 13,192 കോടി രൂപയിലെത്തിയതായി കേന്ദ്ര നഗരവികസന മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം കേവലം 3607 കോടി രൂപ മാത്രം ലഭിച്ച സ്ഥാനത്താണ് ഈ വര്‍ധന.
മുംബൈയാണ് വരുമാനത്തില്‍ ഒന്നാമത് എത്തിയത്. 11,913 കോടി രൂപയാണ് മുംബൈയില്‍ പിരിഞ്ഞത്. 2015 ല്‍ മൊത്തം ലഭിച്ച വരുമാനത്തിന്റെ മൂന്നിരട്ടിയില്‍ അധികമാണ് ഈ തുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹൈദരാബാദില്‍ 26 മടങ്ങ് വര്‍ധനയും സൂറത്തില്‍ 14 മടങ്ങ് വര്‍ധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൂറത്ത് മുന്‍സിപ്പാലിറ്റിയില്‍ 2015 നവംബറില്‍ 7.19 കോടി രൂപ മാത്രമായിരുന്ന നികുതി വരുമാനം ഇക്കുറി 100 കോടി കടന്നു.
ഹൈദരാബാദ് മുന്‍സിപ്പാലിറ്റിയില്‍ 8 കോടി രൂപ മാത്രമായിരുന്നു കഴിഞ്ഞ നവംബറിലെ വരുമാനം. എന്നാല്‍ ഇക്കുറി വരുമാനം 208 കോടി രൂപ കവിഞ്ഞു. അഹമ്മദാബാദ് മുന്‍സിപ്പാലിറ്റിയില്‍ 78 കോടി രൂപയായിരുന്ന നികുതി വരുമാനം ഇക്കുറി 170 കോടിയിലെത്തി. കല്യാണില്‍ 120 കോടി രൂപയായിരുന്നത് 170 കോടി രൂപയായി ഉയര്‍ന്നു.
500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ നികുതി കുടിശികയുള്‍പ്പെടെ ജനങ്ങള്‍ കൊടുത്തുതീര്‍ക്കാന്‍ തുനിഞ്ഞതാണ് വരുമാനം ഉയര്‍ത്തിയത്. മാത്രമല്ല പഴയ നോട്ടുകള്‍ ഉപയോഗിച്ച് നികുതിയടയ്ക്കാന്‍ ഏര്‍പ്പെടുത്തിയ സൗകര്യവും ജനങ്ങള്‍ വിനിയോഗിച്ചതായി കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
നികുതിയിലെ അധിക വരുമാനം സ്വന്തം മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍സിപ്പാലിറ്റികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുപിഎ സര്‍ക്കാര്‍ പത്ത് വര്‍ഷം കൊണ്ട് അനുവദിച്ച വീടുകളെക്കാള്‍ കൂടുതല്‍ വീടുകള്‍ നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് അനുവദിച്ച് നല്കാന് എന്‍ഡിഎ സര്‍ക്കാരിനായെന്ന് വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 12.40 ലക്ഷം വീടുകള്‍ മാത്രം അനുവദിച്ച സ്ഥാനത്ത് എന്‍ഡിഎ സര്‍ക്കാര്‍ 12.84 ലക്ഷം വീടുകള്‍ ഇതിനോടകം അനുവദിച്ചുകഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.