ഷൊര്‍ണൂര്‍: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വിളക്ക് തെളിയിക്കാന്‍ വിസമ്മതിച്ച് ലീഗ് എംഎല്‍എ എന്‍. ഷംസുദ്ദീന് വിവാദത്തില്‍. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉള്‍പ്പെടെയുളളവര്‍ വിളക്ക് തെളിയിച്ച ശേഷം തിരി എംഎല്‍എയ്ക്ക് കൈമാറിയെങ്കിലും അദ്ദേഹം വാങ്ങാന്‍ തയ്യാറായില്ല.
എംഎല്‍എമാരായ വി.ടി ബല്‍റാം, പി.കെ ശശി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരായിരുന്നു വേദിയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബ് വായനാദിനത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിലവിളക്ക് തെളിയിക്കാന്‍ വിസമ്മതിച്ചത് വലിയ വിവാദമായിരുന്നു.
വേദിയിലുണ്ടായിരുന്ന നടന് മമ്മൂട്ടി മന്ത്രിയെ തിരുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. വിളക്ക് കൊളുത്തരുതെന്ന് ലീഗിന്റെ പ്രഖ്യാപിത നിലപാടല്ലെങ്കിലും പലരും ഇതിന് തയ്യാറാകാറില്ല.
ഷൊര്‍ണ്ണൂരില്‍ നടക്കുന്ന മേളയില്‍ യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, വിഭാഗത്തില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐടി തുടങ്ങിയ അഞ്ചു വിഭാഗങ്ങളിലായി 183 ഇനങ്ങളാണ് മത്സരത്തിലുണ്ടാവുക. 27 ന് മേള സമാപിക്കും.