മലപ്പുറം: നിലമ്പൂർ കാടുകളിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് നാലു സംസ്ഥാനങ്ങൾ തലയ്ക്കു വിലയിട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ്. മാവോയിസ്റ്റ് പാർട്ടിയുടെ തെക്കുപടിഞ്ഞാറൻ ബ്യൂറോ മെംബറാണിയാൾ.
ആന്ധ്രയിലെ മാവോയിസ്റ്റ് വിരുദ്ധ സേനയായ ഗ്രേ ഹണ്ട്, തമിഴ്നാട്ടിലെ ക്യൂ ബ്രാഞ്ച്, ഛത്തിസ്ഗഢ് പൊലീസ്, ജാർഘണ്ഡ് പൊലീസ് എന്നിവർ തിരയുന്ന കൊടും കുറ്റവാളിയാണിയാൾ. കർണ്ണാടക സർക്കാർ ഏഴു ലക്ഷം രൂപയും, തമിഴ്നാട്, ഛത്തിസ്ഗഢ്, ജാർഘണ്ഡ് സർക്കാരുകൾ പത്തു ലക്ഷം വീതവും ഇയാളുടെ തലയ്ക്കു വിലയിട്ടിരുന്നു.
കുപ്പുസ്വാമി എന്ന പേരിലും അറിയപ്പെട്ടിരുന്ന ഇയാൾ, മാവോയിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മറ്റി അംഗം, തമിഴ്നാട് സ്പെഷ്യൽ ഓർഗനൈസേഷൻ കമ്മറ്റി സെക്രട്ടറി എന്നീ നിലയിലും പ്രവർത്തിച്ചു വരികയായിരുന്നു. തെലങ്കാന സ്വദേശിയായ ഇയാൾ, തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലായി മാറി മാറിയാണ് താമസിച്ചു വന്നിരുന്നതെന്നാണ് വിവരം.
കുപ്പുസ്വാമിയുടെ നേതൃത്വത്തിലുളള സംഘം കഴിഞ്ഞ ഒൻപതു മാസങ്ങളായി നിലമ്പൂർ വനങ്ങളിൽ താവളമടിച്ചിരുന്നതായാണ് വിവരം. ഇവർ കേരളം ലക്ഷ്യം വച്ചു നീങ്ങിയിട്ടുണ്ടെന്ന് മാസങ്ങൾക്കു മുൻപേ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് ചെയ്തിരുന്നു. ഇവർ കേരളത്തിലെ ആദിവാസി ഊരുകളായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നാണ് വിവരം. ആദിവാസികളെ പ്രലോഭിപ്പിച്ച് സർക്കാരിനെതിരേ പോരാടാനായിരുന്നു ഇവരുടെ നീക്കമെന്നും റിപ്പോർട്ടുണ്ടായിരുന്നു.