മലപ്പുറം: നിലമ്പൂരില്‍ പൊലീസുമായുളള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു കിടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. മാവോയിസ്റ്റ് നേതാവും കേരളത്തിലെ മാവോയിസ്റ്റ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്ന കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങളുടെ ചിത്രങ്ങളാണ് മാദ്ധ്യമങ്ങള്‍ക്ക് ലഭിച്ചത്. കുപ്പു ദേവരാജിന്റെ മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിലാണ്.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തിന്റെയും മാവോയിസ്റ്റ് സംഘം താമസിച്ചിരുന്ന ടെന്റ് ഉള്‍പ്പെടെയുളളവയുടെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മാവോയിസ്റ്റുകള്‍ മാസങ്ങളായി ഈ മേഖലയില്‍ താമസിച്ചിരുന്നുവെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. പ്ലാസ്റ്റിക് ടാര്‍പ്പ കൊണ്ട് വലിച്ചുകെട്ടിയ ടെന്റുകള്‍ ചിത്രങ്ങളില്‍ കാണാം. പതിനഞ്ചോളം പേര്‍ക്ക് താമസിക്കാനുളള സൗകര്യങ്ങളോടെയാണ് ടെന്റുകളെന്ന് വ്യക്തം.
വൈഫൈ ഉള്‍പ്പെടെയുളള സംവിധാനങ്ങളും ടെന്റില്‍ ലഭ്യമായിരുന്നു. ഐപാഡ് ഉള്‍പ്പെടെയുളളവയും പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തില്‍ നക്‌സല്‍ വേട്ട അനുവദിക്കില്ലെന്ന് വ്യക്തമാക്കി സിപിഐ നേതാക്കളും വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന വാദമുയര്‍ത്തി മാവോയിസ്റ്റ് അനുകൂലികള്‍ ഉള്‍പ്പെടെയുളളവരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തും.
കരുളായി വനമേഖലയില്‍ പടുക്ക ഫോറസ്റ്റ് സ്‌റ്റേഷില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം അകലെയായിരുന്നു ഇന്നലെ പൊലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. പ്രദേശത്ത് മാവോയിസ്റ്റുകള്‍ തമ്പടിച്ചതായി രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് വനത്തിനുളളില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
മാവോയിസ്റ്റ് ഓപ്പറേഷനായി രൂപം നല്‍കിയ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളായിരുന്നു തെരച്ചില്‍ നടത്തിയത്. ഉച്ചവരെ കാട്ടില്‍ നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. തണ്ടര്‍ ബോള്‍്ട്ടിന്റെ അറുപതംഗ സംഘമാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്.