ന്യൂഡല്‍ഹി: സിന്ധൂനദീജലക്കരാര്‍ അനുസരിച്ച് ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിലെ വെളളം ഉപയോഗിക്കാന്‍ ഇവിടുത്തെ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്നും പഞ്ചാബിലെയും കശ്മീരിലെയും കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനം എത്തിച്ചുനല്കാന് താന്‍ ബാദ്ധ്യസ്ഥനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.
ഇക്കാര്യത്തില്‍ മുന്‍ സര്‍ക്കാരുകള്‍ തീര്‍ത്തും നിഷ്ക്രിയമായിരുന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യയിലെ കര്‍ഷകര്‍ വെള്ളത്തിനായി വിലപിച്ചപ്പോള്‍ ഡല്‍ഹിയിലെ സര്‍ക്കാരുകള്‍ ഉറങ്ങുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇവിടുത്തെ കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പോരാടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
സിന്ധു നദീജലക്കരാര്‍ പ്രകാരം സത്്ലജ്, ബിയാസ്, രവി നദികളിലെ വെളളം ഉപയോഗിക്കാനുളള അവകാശം ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ഉണ്ട്. ഈ നദികളിലെ വെളളം പാകിസ്ഥാനിലൂടെ ഒഴുകി കടലില്‍ പതിക്കുകയാണ് ചെയ്യുന്നത്. പാകിസ്ഥാന് ഈ വെളളം ഉപയോഗിക്കുന്നുമില്ല ഇവിടുത്തെ കര്‍ഷകര്‍ക്ക് അതുകൊണ്ട് പ്രയോജനവുമില്ലാത്ത അവസ്ഥയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉറി ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ പാകിസ്ഥാന് തുടര്‍ച്ചയായ പ്രകോപനം സൃഷ്ടിക്കാന്‍ തുടങ്ങിയതോടെയാണ് സിന്ധൂനദീജല കരാര്‍ പുനപ്പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
പാകിസ്ഥാന് പ്രസിഡന്റ് അയൂബ് ഖാനും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും 1960 സെപ്റ്റംബര്‍ 19 ലാണ് കരാറില്‍ ഒപ്പിട്ടത് . ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിലായിരുന്നു കരാര്‍.