മലപ്പുറം: നിലമ്പൂർ വനങ്ങളിൽ മാവോയിസ്റ്റുകൾ കഴിഞ്ഞിരുന്നത് വമ്പൻ സെറ്റപ്പിൽ. കഴിഞ്ഞദിവസം പൊലീസിന്റെ തണ്ടർബോൾട്ട് വധിച്ച മാവോയിസ്റ്റുകളുടെ താവളത്തിൽ പരിശോധന നടത്തിയപ്പോൾ ലഭിച്ചത് അഞ്ചു ലക്ഷത്തോളം രൂപയും, ഐ പാഡും, വൈഫൈ സംവിധാനവുമടക്കമുളള ആധുനിക ഉപകരണങ്ങളും. ബോംബ് നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ, ഒരു പിസ്റ്റൾ, നൂറ്റൻപതോളം സിം കാർഡുകൾ, ഒരാഴ്ച്ചത്തേക്കാവശ്യമായ ഭക്ഷണം, ഭക്ഷണം പാകം ചെയ്യാനുളള സംവിധാനങ്ങൾ ഇവയൊക്കെയാണ്.
ആനശല്യം രൂക്ഷമായ വനമേഖലയാണ് കരുളായി വനമേഖല. പന്തിനഞ്ചു പേർക്കു വീതം താമസിക്കാവുന്ന രണ്ടു ടെന്റുകൾക്കു ചുറ്റും വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി സൗരോർജ്ജ വേലികളും നിർമ്മിച്ചിരുന്നു.
പൂളക്കപ്പാറ ഔട്ട് പോസ്റ്റിൽ നിന്നും ഏഴു കിലോമീറ്റർ മാത്രം അകലെയുളള ഈ സ്ഥലത്ത് മൊബൈൽ റേഞ്ച് ലഭ്യമായിരുന്നു. മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരമായുണ്ടാകാറുളള പൂളക്കപ്പാറ വഴി കാരപ്പുറം, പുഞ്ചക്കൊല്ലി വഴി വഴിക്കടവ് തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലേക്ക് എത്തുന്നതിനും ഇവിടെ നിന്നും എളുപ്പമാണ്. മുണ്ടക്കടവ് കോളനി, താളിപ്പുഴ, മണ്ണള, ഉച്ചക്കുളം, മാഞ്ചീരി, അളക്കൽ, പൂളക്കപ്പാറ, പുഞ്ചക്കൊല്ലി തുടങ്ങിയ കോളനികളിലേക്കും നെല്ലിക്കുത്തിലേക്കും വനത്തിനുളളിലൂടെത്തന്നെ ഇവർക്കു പ്രവേശിക്കുവാനാകും. വനത്തിനുളളിലൂടെ സഞ്ചരിച്ചാൽ ഇവിടെ നിന്നും പാലക്കാട്, വയനാട് ജില്ലകളിലേക്കും, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലേക്കും പ്രവേശിക്കാൻ സാധിക്കും. ഈ സൗകര്യങ്ങളാകാം ഇവിടം തന്നെ താമസത്തിനായി ഇവർ തിരഞ്ഞെടുത്തതെന്നു കരുതപ്പെടുന്നു.
മാസങ്ങളായി ഇവർ ഇവിടെ സ്ഥിരതാമസമാണെന്നാണ് പൊലീസ് കരുതുന്നത്. ആദിവാസി ഊരുകളിലെ ജനങ്ങളെ പ്രലോഭിപ്പിച്ച് തങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനും, സർക്കാരിനെതിരേ യുദ്ധം ചെയ്യുന്നതിനുമാണ് ഇവർ ലക്ഷ്യം വയ്ക്കുന്നതെന്ന് മാസങ്ങൾക്കു മുൻപേ കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവർ കേരളത്തിലേക്കു നീങ്ങുന്നതായുളള വിവരം നൽകിയതും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയാണ്.