കാഞ്ഞങ്ങാട്: പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് ഫസല്‍ വധക്കുറ്റമേറ്റതെന്ന് എന്‍ടിയു സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സദാനന്ദന്‍ മാസ്റ്റര്‍. കോടതിയില്‍ ഹാജരാക്കുമ്പോള്‍ പരസഹായമില്ലാതെ സുബീഷിന് നടക്കാന്‍ പോലും കഴിയാതിരുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ സമിതി കാഞ്ഞങ്ങാട് മാവുങ്കാലില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം അധികാരത്തിലെത്തിയ ശേഷം പോലീസിനെ സ്വന്തം ചട്ടുകമായാണ് പ്രവര്‍ത്തിപ്പിക്കുന്നത്. കണ്ണൂരിലെ ഉന്നതരായ രണ്ട് പോലീസുകാരെ ഉപയോഗിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിനെ ക്രൂര മര്‍ദ്ദനത്തിന് വിധേയനാക്കിയാണ് ഫസല്‍ വധക്കുറ്റം അടിച്ചേല്‍പിച്ചത്. നല്ല ആരോഗ്യമുള്ള സുബീഷ് കോടതിയിലെത്തിയപ്പോള്‍ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് സദാന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
കൂത്തു പറമ്പ് രക്തസാക്ഷികള്‍ക്കായി ഒരു കാലത്ത് കേരളം മുഴുവന്‍ കണ്ണീരൊഴുക്കിയ സിപിഎം ഇപ്പോള്‍ എംവി രാഘവനെ പൂജിക്കുന്നത് സിപിഎം അണികള്‍ തിരിച്ചറിയണം. കൂത്തു പറമ്പ് വെടിവയ്പില്‍ ജീവിക്കുന്ന രക്തസാക്ഷിയായ സഖാവ് പുഷ്പനോട് സിപിഎം നേതാക്കള്‍ മാപ്പ് പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ഇരട്ടമുഖം സ്വന്തം അണികള്‍ തന്നെ ചോദ്യം ചെയ്യുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കാഞ്ഞങ്ങാട് പറഞ്ഞു.