ന്യൂഡൽഹി: ഇറാഖിലെ സംഘർഷങ്ങളിൽ കുടുങ്ങിപ്പോയ 55 ഭാരതീയരിൽ അവശേഷിക്കുന്ന 36 പേരും ഉടൻ ജന്മനാട്ടിലേക്കു തിരിച്ചെത്തും. ഇവരിൽ പത്തൊൻപതു പേരെ ആദ്യഘട്ടത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിച്ചിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലാണ് ഇവർക്കു രക്ഷയായത്.
അവശേഷിക്കുന്ന 36 പേരെ ഉടൻ തന്നെ നാട്ടിലെത്തിക്കാനുളള പരിശ്രമങ്ങൾ ഇറാഖിലെ ഇന്ത്യൻ എംബസി വഴി പുരോഗമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി ജനറൽ വി.കെ സിംഗ് രാജ്യസഭയിൽ പറഞ്ഞു.
കുർദിസ്ഥാനിലെ പ്രധാനമന്ത്രിയേയും, ആഭ്യന്തരവകുപ്പ് മന്ത്രിയേയും ഭാരതത്തിന്റെ കൗൺസൽ ജനറൽ നേരിൽക്കണ്ട് ഇവരുടെ വിഷയം അവതരിപ്പിച്ചിരുന്നുവെന്നും സിംഗ് സഭയെ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരിൽ മിക്കവരും തെലങ്കാന സ്വദേശികളാണ്. സർക്കാരുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് നവംബർ 10ന് ആദ്യ 19 അംഗസംഘം ഭാരതത്തിലേക്കു മടങ്ങിയത്.
പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ച് 19 അപേക്ഷകൾ അബുദാബിയിലേയും, ദുബായിലേയും ഇന്ത്യൻ മിഷനുകൾക്കു ലഭിച്ചിട്ടുണ്ടെന്നും ഇവർ ഉത്തർ പ്രദേശ് സ്വദേശികളാണെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി വി.കെ.സിംഗ് പറഞ്ഞു. ആകെ 15,431 അപേക്ഷകൾ ഓൺലൈനിൽ ലഭിച്ചതിൽ 9,502 പരാതികൾക്കും ഇതിനോടകം തന്നെ പരിഹാരം കണ്ടതായും അദ്ദേഹം പറഞ്ഞു.
യുദ്ധസാഹചര്യം നിലനിൽക്കുന്ന രാജ്യങ്ങളിൽ അധിവസിക്കുന്ന ഭാരതീയരെ സംബന്ധിച്ച് എഴുതി നൽകിയ ചോദ്യത്തിനു മറുപടിയായി 2,500 ഭാരതീയർ അഫ്ഗാനിസ്ഥാനിലും, 9,000 പേർ ഇറാഖിലും, നൂറോളം പേർ സിറിയയിലും ഉണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജ് പറഞ്ഞു. എംബസികളിലോ, ലോക്കൽ ഏജൻസികളിലോ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരെ സംബന്ധിച്ച രേഖകൾ ലഭ്യമല്ലെന്നും സുഷമാസ്വരാജ് സഭയെ അറിയിച്ചു. സംഘർഷബാധിത പ്രദേശങ്ങളായ അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ തുടങ്ങിയ ഇടങ്ങളിലെ ഭാരതീയരുടെ സുരക്ഷയെ സംബന്ധിച്ച് മന്ത്രാലയം ശ്രദ്ധാപൂർവ്വമായ ഇടപെടലുകൾ നടത്തി വരികയാണെന്നു പറഞ്ഞ മന്ത്രി, വിഷയത്തിൽ അതീവപ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്നും ഈ രാജ്യങ്ങളിലെ ഇന്ത്യൻ മിഷൻസ്/പോസ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുളളതായും വ്യക്തമാക്കി. ഇവിടങ്ങളിലുളളവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും, സഹായവും ലഭ്യമാക്കാൻ ഈ ഹെൽപ്പ് ലൈനുകൾ ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കുന്നതാണ്.