മുംബൈ : കള്ളപ്പണക്കാരെയും കള്ളനോട്ടടിക്കാരെയും മാത്രമല്ല കുപ്രസിദ്ധമായ മുംബൈ അധോലോകത്തിനും നോട്ട് പിൻവലിക്കൽ തിരിച്ചടിയായി. ഹവാല പണത്തിന്റെ വഴി അടഞ്ഞതോടെ ക്രിമിനൽ പ്രവർത്തനങ്ങളുടെ ഒഴുക്ക് നിലച്ചു. ആയുധ നിർമ്മാണവും കൊട്ടേഷൻ പ്രവർത്തനവും മന്ദഗതിയിലായി. മയക്കു മരുന്നു മാഫിയയേയും നോട്ട് പിൻവലിക്കൽ പ്രതികൂലമായി ബാധിച്ചു.
കഴിഞ്ഞ 20 ദിവസത്തിനിടെ ഒരു വൻകിട ബിസിനസുകാരനേയും വിളിച്ച് അധോലോകം പണം ആവശ്യപ്പെട്ടെന്ന വാർത്തയോ പരാതിയോ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. മാത്രമല്ല ആയുധക്കടത്തുമായി ബന്ധപ്പെട്ട ഒരു സംഭവവും റിപ്പോർട്ട് ചെയ്തിട്ടുമില്ല. മയക്കുമരുന്നു മാഫിയക്കാർ ചരക്ക് വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോയും വ്യക്തമാക്കുന്നു.
നോട്ടു പിൻവലിച്ചതോടെ ഗുണ്ടകളുടെ കാര്യവും കഷ്ടത്തിലായി . അഭിഭാഷകർ പുതിയ നോട്ടുകളിൽ മാത്രമേ ഫീസ് വാങ്ങുന്നുള്ളൂ. ജാമ്യത്തുക കെട്ടിവയ്ക്കാൻ കാശില്ലാത്തതിനാൽ പല കുപ്രസിദ്ധ അധോലോക സംഘാംഗങ്ങൾക്കും പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്ന് ഛോട്ടാരാജൻ സംഘത്തിന്റെ അഭിഭാഷകരും പറയുന്നു. കയ്യിലുള്ള കള്ളപ്പണം വൻ തുക കമ്മീഷൻ നൽകി വെളുപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് അധോലോകം. എന്നാൽ സർക്കാരിന്റെ ശക്തമായ നടപടികൾ കാരണം ഇത് അനായാസമല്ലാത്തതാണ് അധോലോകത്തെ കുഴക്കുന്നത്.