ന്യൂഡൽഹി: വിവാദ മതപ്രഭാഷകനും, തീവ്രവാദബന്ധത്തേത്തുടർന്ന് കേന്ദ്രസർക്കാരിന്റെ അന്വേഷണം നേരിടുകയും ചെയ്യുന്ന സാക്കിർ നായിക്കിന്റെ നിരോധിച്ച സംഘടനയ്‌ക്ക് നെഹ്രു കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ പുറത്ത്.
സോണിയാഗാന്ധി ചെയർ പേഴ്സണും, രാഹുൽ ഗാന്ധി ബോർഡ് ഓഫ് ട്രസ്റ്റീസിൽ അംഗവുമായ രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ലക്ഷക്കണക്കിനു രൂപ സാക്കിർ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിൽ നിന്നു സംഭാവനയായി സ്വീകരിച്ചു എന്നതിന്റെ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്.
സാക്കിർ നായിക്കിന്റെ സ്ഥാപനങ്ങളിൽ റെയിഡ് നടത്തിയ അന്വേഷണസംഘത്തിനാണ് ഞെട്ടിക്കുന്ന രേഖകൾ ലഭിച്ചത്. രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് കൂടാതെ അലഹബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമലാ നെഹ്രു മെമ്മോറിയൽ ആശുപത്രിയ്‌ക്കും സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി രേഖകളിൽ കാണുന്നു.
2011 ജൂൺ, ജൂലൈ, നവംബർ മാസങ്ങളിൽ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ പാസാക്കിയ പ്രമേയത്തിലാണ് ഇക്കാര്യമുളളത്. 50 ലക്ഷത്തിന്റേയും, 25 ലക്ഷത്തിന്റേയും രണ്ടു സംഭാവനകളാണ് സോണിയാഗാന്ധി ചെയർമാനും, രാഹുൽ ഗാന്ധി ബോർഡ് ഓഫ് ട്രസ്റ്റീസിൽ അംഗവുമായ ചാരിറ്റബിൾ ട്രസ്റ്റ്, ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിൽ നിന്നും ആവശ്യപ്പെട്ടത്. അതേസമയം 50 ലക്ഷം സംഭാവനയുടെ കാര്യം മാത്രമേ ആദ്യം പുറത്തു വന്നിരുന്നുളളൂ.
രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് കൂടാതെ കമലാ നെഹ്രു മെമ്മോറിയൽ ഹോസ്പിറ്റൽ സൊസൈറ്റിയുടേയും ചെയർ പേഴ്സൺ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി തന്നെയാണെന്നതും ശ്രദ്ധേയമാണ്.
അതേസമയം ഇതുസംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം നൽകാൻ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ തയ്യാറായില്ല. ഐ.ആർ.എഫിന്റെ രേഖകളെല്ലാം ദേശീയ അന്വേഷണ ഏജൻസി സീൽ ചെയ്തിരിക്കുന്നതിനാൽ മുൻകാലങ്ങളിൽ നൽകിയ സംഭാവനകളുടെ വിവരങ്ങൾ തിരയാൻ കഴിയില്ലെന്ന നിലപാടാണ് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ വക്താവായ ആരിഫ് മാലിക് സ്വീകരിച്ചത്.
അതേസമയം പുറത്തു വന്നിരിക്കുന്ന രേഖകൾ പ്രകാരം ഈ രണ്ടു സംഭാവനകൾക്കും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് നേരിട്ട് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനോട് അപേക്ഷിച്ചതായാണ് വിവരം. ഇതോടെ മറ നീക്കി പുറത്തു വരുന്നത് തീവ്രവാദവുമായി ബന്ധപ്പെട്ട് നിരോധനമേർപ്പെടുത്തിയിരിക്കുന്ന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനുമായി കോൺഗ്രസ് പാർട്ടി മുൻകാലങ്ങളിൽ പുലർത്തി വന്നിരുന്ന ബന്ധങ്ങളേക്കുറിച്ചും ഇടപാടുകളേക്കുറിച്ചുമുളള തെളിവുകളാണ്.