ന്യൂഡൽഹി: ആം ആദ്മി പാർട്ടി എം.എൽ.എയ്ക്കെതിരേ സി.ബി ഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. അമാനുളളാഖാനെതിരേയാണ് വഖഫ് ബോർഡിലെ അഴിമതി സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വഖഫ് ബോർഡ് ചെയർമാൻ ആയിരുന്നു അമാനുളളാ ഖാൻ.
തങ്ങൾക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു. പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേക്കുറിച്ചും, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേക്കുറിച്ചും പരാമർശമുളളതായും സി.ബി.ഐ വൃത്തങ്ങൾ വ്യക്തമാക്കി.
ക്രിമിനൽ ഗൂഢാലോചന, അഴിമതിനിരോധന നിയമം എന്നിവയെ അടിസ്ഥാനപ്പെടുത്തി രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്.ഐ.ആറിൽ അമാനുളളാഖാനെക്കൂടാതെ അജ്ഞാതരായ മറ്റുളളവരെയും പ്രതി ചേർത്തിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന്റെയും, ഉപമുഖ്യമന്ത്രി സിസോദിയയുടെയും നിർദ്ദേശപ്രകാരം നിലവിലുണ്ടായിരുന്ന വഖഫ് ബോർഡ് നിയമവിരുദ്ധമായി പിരിച്ചു വിട്ടതായും എഫ്.ഐ.ആറിൽ പറയുന്നു. ഇതിനു സമാന്തരമായി മറ്റൊരു വഖഫ് ബോർഡ് ഉണ്ടാക്കുകയും ചെയർമാനെ തെരഞ്ഞെടുക്കുകയുമായിരുന്ന. ഇത് 1955ലെ വഖഫ് ആക്ടിന്റെയും, 1977ലെ ഡൽഹി വഖഫ് നിയമങ്ങളുടേയും ലംഘനമാണെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു.
ഇതു കൂടാതെ പുതിയ ബോർഡിലെ സി.ഇ.ഒയെയും മുപ്പതോളം ജീവനക്കാരെയും നിയമിച്ചിട്ടുളളതും നിയമവിരുദ്ധമായാണെന്നും ആരോപണമുണ്ട്.