കോഴിക്കോട്: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരല്ലെന്നും പൊലീസ് ആണെന്നും മന്ത്രി ജി. സുധാകരന്. മാവോയിസ്റ്റുകളുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് സര്‍ക്കാരിനെന്നും ജി. സുധാകരന് കോഴിക്കോട് വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വസ്തുത പുറത്തുവരും. നിലമ്പൂരില്‍ നടന്ന ഏറ്റുമുട്ടല്‍ സര്‍ക്കാരിനെ ബാധിക്കില്ലെന്നും ജി. സുധാകരന് പറഞ്ഞു. സംഭവത്തില്‍ സിപിഐ അടക്കമുളള കക്ഷികള്‍ സര്‍ക്കാരിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജി. സുധാകരന്റെ പ്രതികരണം.
കേസില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. പെരിന്തല്‍മണ്ണ സബ്കളക്ടര്‍ക്കാണ് അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച് അന്വേഷണവും ഇതോടൊപ്പം നടക്കും. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി ശശിധരന് ആണ് അന്വേഷണം നടത്തുക.
അതേസമയം മാവോയിസ്റ്റുകളെ കമ്മ്യൂണിസ്റ്റുകാരായി കാണാനാകില്ലെന്നും അവര്‍ നിരപരാധികളെ കൊന്നൊടുക്കുന്നവരാണെന്നുമായിരുന്നു വൈദ്യുതമന്ത്രി എം.എം മണിയുടെ പ്രതികരണം. നിലമ്പൂരിലെ ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.