മധുര: മലപ്പുറം, കൊല്ലം കളക്ട്രേറ്റ് വളപ്പുകളില്‍ നടന്ന സ്ഫോടനങ്ങളില്‍ പങ്കുളള അല്‍ ഖൊയ്ദ ബന്ധമുളള മൂന്ന് തീവ്രവാദികള്‍ മധുരയില്‍ പിടിയിലായി. എന്‍ഐഎയും തമിഴ്നാട് പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. മൈസൂര്‍, ചിറ്റൂര്‍, നെല്ലൂര്‍ അടക്കമുളള മറ്റ് സ്ഥലങ്ങളില്‍ നടന്ന സ്ഫോടനങ്ങള്‍ക്കും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് എന്‍ഐഎ നല്കുന്ന സൂചന.
മധുര പുതൂര്‍ ഉസ്മാന്നഗര് സ്വദേശി മുഹമ്മദ് കരീം, ജിയാദ്നഗര് സ്വദേശി അയൂബ്, ഇസ്മയില്‍പുരം സ്വദേശി അബ്ബാസ് അലി എന്നിവരാണ് അറസ്റ്റിലായത്. ബേസ് മൂവ്മെന്റിന്റെ പേരിലായിരുന്നു മലപ്പുറത്ത് ഉള്‍പ്പെടെ സ്ഫോടനം നടത്തിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ മധുരയില്‍ നിന്നും ചെന്നൈയിലേക്ക് കൊണ്ടുപോകും.
പിടിയിലായ മൂന്നുപേരെക്കൂടാതെ ഹക്കീം, ദാവൂദ്, സുലൈമാന്‍ എന്നീ മൂന്നു പേര് കൂടി സംഘത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരെ പിടികൂടാന്‍ കഴിഞ്ഞില്ല. മൈസൂര്‍, ചിറ്റൂര്‍, നെല്ലൂര്‍ എന്നിവിടങ്ങളിലെ സ്ഫോടനവുമായി സാമ്യമുണ്ടെന്ന് കണ്ടതിനാല്‍ മലപ്പുറം സ്ഫോടനത്തിന് ശേഷം കേസുകള്‍ സംയുക്തമായി അന്വേഷിക്കാനും വിവരങ്ങള്‍ പരസ്പരം കൈമാറാനും കേരളത്തിലെയും തമിഴ്നാട്ടിലെയും ആന്ധ്രയിലെയും പൊലീസും എന്‍ഐഎയും തീരുമാനിച്ചിരുന്നു. ഇതാണ് പ്രതികളെ കണ്ടെത്താന്‍ സഹായകമായത്.
പ്രധാനമന്ത്രിയടക്കം രാജ്യത്തെ ഇരുപത്തിയഞ്ചോളം പ്രമുഖ വ്യക്തികള്‍ക്കെതിരേ ഇവര്‍ വധഭീഷണി ഉയര്‍ത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്.