കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരേ ഇടത് പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത പ്രതിഷേധസമരം പശ്ചിമബംഗാളില്‍ വിജയിച്ചില്ല. പൊതുഗതാഗത സംവിധാനങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുകയും കടകള്‍ തുറക്കുകയും ചെയ്തു. പ്രതിഷേധത്തോട് ജനങ്ങള്‍ സഹകരിച്ചില്ലെന്നും പിഴവുകള്‍ പരിശോധിക്കുമെന്നും ഇടതുമുന്നണി ചെയര്‍മാനും സിപിഎം പിബി അംഗവുമായ ബിമന്‍ ബോസ് പറഞ്ഞു.
ഹര്‍ത്താല്‍ പരാജയമായിരുന്നുവെന്ന് തുറന്ന് സമ്മതിച്ചുകൊണ്ടായിരുന്നു ബിമന്‍ ബോസിന്റെ പ്രതികരണം. പണിമുടക്കിന് ലഭിച്ച ദയനീയമായ പ്രതികരണം സംസ്ഥാനത്തെ ഇടതു തകര്‍ച്ചയുടെ അടിവരയിടുന്നതാണെന്ന് രാഷ്്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം സമരം പരാജയപ്പെട്ടതോടെ അതിനെ ന്യായീകരിച്ചും നേതാക്കള്‍ രംഗത്തെത്തി. സമാധാനപരമായ സമരത്തിനാണ് ആഹ്വാനം ചെയ്തതെന്നായിരുന്നു ചില നേതാക്കളുടെ പ്രതികരണം.
സംസ്ഥാനത്ത് മെട്രോ ഉള്‍പ്പെടെയുളള തീവണ്ടി ഗതാഗതം സാധാരണ നിലയിലായിരുന്നു നടന്നത്. സ്വകാര്യവാഹനങ്ങളും പതിവുപോലെ നിരത്തിലിറങ്ങി. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലും ഹാജര്‍ നിലയില്‍ കാര്യമായ കുറവുണ്ടായില്ല. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ജോലിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. അടിയന്തര സാഹചര്യത്തില്‍ അല്ലാതെ ജീവനക്കാര്‍ അവധിയെടുക്കരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.