മധുര(തമിഴ്നാട്): അല്‍ ഖൊയ്ദ ബന്ധമുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് മധുരയില്‍ എന്‍ഐഎയും തമിഴ്നാട് പൊലീസും പിടികൂടിയ മൂന്നു പേരില്‍ നിന്ന് സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി സൂചന. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. മൂവരെയും ചോദ്യം ചെയ്യാനായി മാറ്റിയിരിക്കുകയാണ്.
മൈസൂര്‍ കോടതിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് അബ്ബാസ് അലിയെ അറസ്റ്റ് ചെയ്തതെന്നും ബാക്കി രണ്ടു പേരെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതാണെന്നും മധുരെ സിറ്റി പൊലീസ് കമ്മീഷണര്‍ ശൈലേഷ് കുമാര്‍ യാദവ് പറഞ്ഞു. മധുര അടക്കമുളള തമിഴ്നാടിന്റെ ദക്ഷിണ മേഖല കേന്ദ്രീകരിച്ച് അല്‍ ഖൊയ്ദയുമായി ബന്ധമുളളവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വ്യക്തമായ വിവരത്തെ തുടര്‍ന്നായിരുന്നു എന്‍ഐഎയുടെ പരിശോധന.
പിടിയിലായ മൂന്നുപേരും യുവാക്കളാണ്. മൂവരും ഇവിടെ അല്‍ ഖൊയ്ദയുടെ യൂണിറ്റ് പ്രവര്ത്തിപ്പിച്ചിരുന്നവരാണെന്നാണ് പൊലീസ് നല്കുന്ന വിവരം. പെയിന്റിംഗ് തൊഴിലാളിയായ അബ്ബാസ് അലി മതപുസ്തകങ്ങള്‍ ലഭ്യമാക്കുന്ന ഒരു ലൈബ്രറിയും നെല്പേട്ടയില് നടത്തുന്നുണ്ട്. കത്രപാളയത്ത് പ്രിന്റിംഗ് പ്രസ് നടത്തുകയാണ് അബ്ദുള്‍ കരീം. രക്ഷപെട്ട ഹക്കീം, ദാവൂദ് സുലൈമാന്‍ എന്നിവര്‍ക്കായി എന്‍ഐഎ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള ഇരുപത്തിയഞ്ചോളം നേതാക്കളെ ലക്ഷ്യമിട്ടിരുന്ന സംഘം ഇന്ത്യയിലെ വിവിധ രാജ്യങ്ങളുടെ എംബസികളും അക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് എന്‍ഐഎ നല്കുന്ന വിവരം.