ന്യൂഡല്‍ഹി: ജെഡിയു വിട്ട് സോഷ്യലിസ്റ്റ് ജനതാദള്‍ പുനരുജ്ജീവിപ്പിക്കാന്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിന്റെ നീക്കം. ദേശീയ തലത്തില്‍ ജെഡിയുവും നിതീഷ്‌കുമാറും ബിജെപി പാളയത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന നിലനില്‍ക്കെയാണിത്. നേരത്തെ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിപക്ഷ സമരത്തില്‍ നിന്നും ജെഡിയു വിട്ടു നിന്നിരുന്നു.
ചെകുത്താനും കടലിനുമിടയിലാണ് വീരനും പാര്‍ട്ടിയും. സംസ്ഥാനത്ത് മോദിയെ പരസ്യമായി തെറി വിളിക്കുകയും പാര്‍ലമെന്റില്‍ മൗനം പാലിക്കേണ്ടിയും വരുന്ന അവസ്ഥ. ദേശീയ തലത്തില്‍ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി ജെഡിയു സാമ്പത്തിക പരിഷ്‌കരണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. ഇക്കഴിഞ്ഞ പ്രതിപക്ഷ പ്രതിഷേധങ്ങളില്‍ നിന്നും നിതീഷും പാര്‍ട്ടിയും വിട്ട് നില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാനത്തെ മുന്നണി ബന്ധം കണക്കിലെടുത്ത് വീരേന്ദ്ര കുമാറിന് ഇത് സാധിക്കില്ല. ഇതോടെയാണ് ജെഡിയു വിട്ട് പഴയ സോഷ്യലിസ്റ്റ് ജനതാദള്‍ പുനരുജ്ജീവിപ്പിക്കാന്‍ നീക്കമാരംഭിച്ചത്.
നിലവില്‍ യുഡിഎഫിലെ ഘടകക്ഷിയും രാജ്യസഭാ എംപിയുമായ വീരേന്ദ്രകുമാറിന് സംസ്ഥാനത്തെ സവിശേഷ സാഹചര്യത്തില്‍ ജെഡിയുവിന്റെ ഔദ്യോഗിക നിലപാടുകള്‍ക്ക് ഒപ്പം നില്‍ക്കാനാകില്ല. ഇക്കാര്യം പാര്‍ട്ടി ദേശീയ നേതൃത്വത്തെ അദ്ദേഹം ബോധ്യപ്പെടുത്തിയതായാണ് സൂചന. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ യുഡിഎഫ് പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തില്‍ തീരുമാനം നീട്ടിക്കൊണ്ട് പോയേക്കില്ലെന്നും വിവരമുണ്ട്. അതേസമയം ബീഹാറില്‍ ലാലുവില്‍ നിന്നും രക്ഷ തേടുന്ന നിതീഷിനാകട്ടെ വീരനും കൂട്ടരും ഒപ്പം വേണമെന്ന വാശിയുമില്ല.