ന്യൂഡൽഹി: എല്ലാ ബിജെപി എംഎൽഎമാരും എംപിമാരും അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 500, ആയിരം രൂപ നോട്ടുകൾ അസാധുവാക്കിയതിന് ശേഷമുളള സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള വിവരങ്ങൾ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് നൽകണം.
നവംബർ 8 മുതൽ ഡിസംബർ 31വരെ ബിജെപി എംപിമാരും എംഎൽഎമാരും നടത്തിയ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു.
പഴയ നോട്ടുകൾ അസാധുവാക്കിയതിന് ശേഷമുളള സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള വിവരങ്ങൾ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് നൽകണം. എല്ലാ ലോക്സഭാ, രാജ്യസഭാ എംപിമാർക്കും എല്ലാ സംസ്ഥാനങ്ങളിലെയും ബിജെപി എംഎൽഎമാർക്കും തീരുമാനം ബാധകമാണ്.
2017 ജനുവരി ഒന്നിന് മുമ്പായി വിവരങ്ങൾ അമിത് ഷായ്ക്ക് നൽകണം. നോട്ട് അസാധുവാക്കലിന് മുന്നോടിയായി ബിജെപിയോട് അടുപ്പമുളളവർ പഴയ നോട്ടുകൾ ഉപയോഗിച്ച് വൻ നിക്ഷേപങ്ങൾ നടത്തി എന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് നടപടി.
അതേ സമയം, സമാനമായ നടപടിക്ക് പ്രതിപക്ഷ പാർട്ടികൾ ധൈര്യപ്പെടുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.