തിരുവനന്തപുരം: പ്രധാനമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കുന്ന പരിഷ്കരണങ്ങൾ രമേശ് ചെന്നിത്തലക്കോ കോൺഗ്രസിനോ മനസ്സിലാകില്ല.
കാരണം നാളിതു വരെ കള്ളപ്പണക്കാർക്കും അഴിമതിക്കാർക്കും ഒത്താശ ചെയ്തുള്ള പരിചയമാണ് അവർക്കുള്ളത്. ചരിത്രത്തിൽ ആദ്യമായി സാധാരണക്കാരനെ ലക്ഷ്യമാക്കിയുള്ള നടപടിയുമായി മുന്നോട്ടു പോകുന്ന നരേന്ദ്രമോദിയുടെ നടപടിയെ മണ്ടത്തരമായും തുഗ്ലക്ക് പരിഷ്കാരമായും തോന്നുന്നത് എല്ലാവരും തങ്ങളെ പോലെയാണെന്ന ചിന്ത മൂലമാണ്. അഴിമതി നടത്തി കോടികൾ സമ്പാദിക്കാത്തത് രമേശ് ചെന്നിത്തലയെ സംബന്ധിച്ച് മണ്ടത്തരമായിരിക്കും.
എന്നാൽ എല്ലാ രാഷ്ട്രീയക്കാരും താങ്കളെപ്പോലെയാണെന്ന് കരുതരുത്. വിഎം സുധീരൻ ഇടപെട്ടതിനാലാണ് സിപിഎമ്മുമായി ചേർന്ന് സമരം നടത്താനുള്ള രമേശ് ചെന്നിത്തലയുടെ നീക്കം പാളിയത്. എന്നാൽ സുധീരന്റെ സാനിധ്യം ഇല്ലാത്ത നിയമസഭയിൽ ഇടതു മുന്നണിയുടെ ഭാഗമായാണ് രമേശ് പ്രവര്ത്തിക്കുന്നത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതോടെ സഹകരണ മുന്നണി സംവിധാനം എന്നത് കേരളത്തിൽ യാഥാർത്ഥ്യമായെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയതോടെ നോട്ട് പിൻവലിക്കലിനെ സാധാരണക്കാർ അംഗീകരിച്ചതായി തെളിഞ്ഞു. ഇനിയെങ്കിലും ബിജെപിക്കെതിരായ കളള പ്രചാരണം അവസാനിപ്പിക്കാൻ ഇരു മുന്നണികളും തയ്യാറാകണം. സർക്കാരിനെതിരായ എല്ലാ പ്രചാരണങ്ങളും ജനങ്ങൾ തള്ളിക്കളഞ്ഞു. പ്രധാനമന്ത്രിയേയും ബിജെപിയേയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നവർക്കുള്ള മറുപടിയാണ് ഇതെന്നും കുമ്മനം രാജശേഖരൻ പ്രസ്താവനയിൽ പറഞ്ഞു.