ന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്കുളള യാത്ര സോഷ്യല്‍ മീഡിയയില്‍ ലൈവായി ചിത്രീകരിച്ച് പുറത്തുവിട്ട സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി എംപി ഭഗവന്ത് മന്‍ കുറ്റക്കാരനെന്ന് ലോക്‌സഭാ സമിതി. പാര്‍ലമെന്റ് വളപ്പിലെ സുരക്ഷാ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഭഗവന്ത് മന്നിനെതിരേ അന്വേഷണം നടത്തിയത്.
കഴിഞ്ഞ ജൂലൈ 21 നാണ് വീട്ടില്‍ നിന്ന് പാര്‍ലമെന്റിലേക്കുളള യാത്ര ഭഗവന്ത് മന്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടത്്. ജുലൈ 25 നാണ് ഇത് സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഒന്‍പതംഗ ലോക്‌സഭാ സമിതിയെ ചുമതലപ്പെടുത്തിയത്. ബിജെപി എംപി കിരിത് സൊമയ്യ ചെയര്‍മാനായ സമിതിയില്‍ കേരളത്തില്‍ നിന്നുളള കെ.സി വേണുഗോപാലും അംഗമായിരുന്നു.
തന്റെ അനുയായികളെ പാര്‍ലമെന്റ് നടപടികളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും പഠിപ്പിക്കാനും വേണ്ടിയായിരുന്നു വീഡിയോ ചിത്രീകരണമെന്നായിരുന്നു ഭഗവന്ത് മന്നിന്റെ വിശദീകരണം. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് വിഷയത്തില്‍ തീരുമാനം ആകുന്നതു വരെ സഭാ നടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഭഗവന്ത് മന്നിനെ വിലക്കുകയും ചെയ്തിരുന്നു.
പഞ്ചാബിലെ സംഗ്രൂരില്‍ നിന്നുളള എഎപി എംപിയാണ് ഭഗവന്ത് മന്‍.