ജമ്മു: ജമ്മു-കശ്മീരിലെ നഗ്രോതയില്‍ സൈനിക യൂണിറ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് തീവ്രവാദികളെ വധിച്ച സൈന്യം സ്ഥലത്ത് ബന്ദിയാക്കപ്പെട്ടിരുന്ന രണ്ട് സ്ത്രീകളെയും രണ്ട് കുട്ടികളെയും 12 സൈനികരെയും മോചിപ്പിച്ചതായും അറിയിച്ചു.
ജമ്മുവില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുളള നഗ്രോതയിലെ സൈനിക യൂണിറ്റിന് നേര്‍ക്ക് പുലര്‍ച്ചെ 5.30 ഓടെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. സൈനിക യൂണിഫോമില്‍ എത്തിയ തീവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം ആക്രമണം നടത്തുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഓഫീസര്‍മാരും സൈനികരും കുടുംബമായി താമസിച്ചിരുന്ന രണ്ട് കെട്ടിടങ്ങളിലേക്ക് തീവ്രവാദികള്‍ നീങ്ങുകയായിരുന്നു. ബന്ദി സമാനമായ സാഹചര്യമാണ് തുടര്‍ന്ന് നിലനിന്നതെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് വിശദീകരിച്ചു.
നഗ്രോതയിലെ സൈനിക ആസ്ഥാനത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ് ആക്രമണം ഉണ്ടായ സൈനിക യൂണിറ്റ്. രണ്ട് ഓഫീസര്‍മാരും അഞ്ച് സൈനികരുമാണ് കൊല്ലപ്പെട്ടതെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് വ്യക്തമാക്കി. മൂന്ന് തീവ്രവാദികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായും കൂടുതല്‍ തീവ്രവാദികള്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ടിരിക്കുകയാണെന്നും സൈന്യം അറിയിച്ചു.
തുടക്കത്തില്‍ തീവ്രവാദികളെ എതിരിടുന്നതിനിടയിലാണ് ഒരു ഓഫീസറും മൂന്ന് സൈനികരും കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ ഒളിച്ച കെട്ടിടങ്ങളില്‍ നിന്നും ആളുകളെ മോചിപ്പിക്കുന്നതിനിടയിലാണ് ഒരു ഓഫീസറും രണ്ട് സൈനികരും കൂടി കൊല്ലപ്പെട്ടത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. രാവിലെ സാംബ സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തിയിരുന്നു.